വടകര: കോഴിക്കോട് വടകരയിൽ റോഡിലൂടെ പോവുകയായിരുന്ന ഒമ്പത് വയസുകാരി കാറിടിച്ച് കോമയിലാക്കുകയും മുത്തശ്ശിയുടെ ജീവനെടുക്കുകയും ചെയ്ത കേസിൽ പ്രതി ഷജീലിന് ജാമ്യം. വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. അപകടമുണ്ടാക്കിയ ശേഷം വാഹനം നിർത്താതെ പോകുകയും പിന്നീട് വിദേശത്തേക്ക് കടക്കുകയും ചെയ്ത പ്രതിയെ 11 മാസങ്ങൾക്ക് ശേഷമാണ് പോലീസ് പിടികൂടിയത്. അപകടസമയത്ത് കുട്ടിക്കൊപ്പമുണ്ടായിരുന്ന മുത്തശ്ശി ബേബി അപകടം നടന്ന് അടുത്ത ദിവസം തന്നെ മരിക്കുകയും ചെയ്തിരുന്നു.
പോലീസ് രണ്ട് കേസുകളാണ് ഷജീലിനെതിരേ എടുത്തിരിക്കുന്നത്. അപകടമുണ്ടാക്കി വാഹനം നിർത്താതെ പോയതിന് മനപ്പൂർവ്വമല്ലാത്ത നരഹത്യയും വാഹനം മതിലിൽ ഇടിച്ചതാണെന്ന് കാണിച്ച് ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ചതുമാണ് കേസുകൾ. ഇതിൽ ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച കേസിൽ നേരത്തെ തന്നെ ഷജീൽ ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു. വാഹനാപകടമുണ്ടാക്കിയ കേസിലാണ് ഇപ്പോൾ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
പ്രതിഭയ്ക്ക് ഒരു കൊട്ടുമായി ഭരണപക്ഷ എംഎൽഎ… ‘മക്കൾ ലഹരി ഉപയോഗിച്ചാൽ മാതാപിതാക്കൾ അവരെ സംരക്ഷിക്കരുത്’-എ പ്രഭാകരൻ, എക്സൈസ് സ്കൂളുകളിൽ പരിശോധന നടത്തി കേസെടുക്കുന്നത് ശരിക്കും അന്വേഷിച്ചിട്ടാണോ?- യു പ്രതിഭ, ലഹരി ഉപയോഗത്തെക്കുറിച്ചുള്ള അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ ഭരണപക്ഷ എംഎൽഎമാർക്കിടെ തർക്കം
കഴിഞ്ഞ വർഷം ഫെബ്രുവരി 17 രാത്രിയാണ് ഷജീൽ ഓടിച്ച കാർ ദൃഷാന എന്ന ഒമ്പതുവയസുകാരിയുടെയും മുത്തശ്ശി ബേബിയുടെയും ദേഹത്തേക്ക് പാഞ്ഞുകയറിയത്. ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പിൽ വെച്ചായിരുന്നു അപകടം. അപകടം നടന്നതിന് ശേഷം ഷജീലും കുടുംബവും വാഹനവുമായി കടന്നുകളയുകയായിരുന്നു. നാട്ടുകാർ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ബേബി പിന്നീട് മരിച്ചു. 9 കാരി ദൃഷാന അബോധാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയിലാണ്.
അപകടം നടന്നശേഷം പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചിരുന്നെങ്കിലും തെളിവൊന്നും കിട്ടിയിരുന്നില്ല. അന്വേഷണം ഊർജിതമാക്കാൻ കുട്ടിയുടെ ബന്ധുക്കൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. പിന്നീട് ഒമ്പത് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസ് അപകടമുണ്ടാക്കിയ കാറും വാഹനമുമടമയേയും തിരിച്ചറിയാനായത്.
പോലീസിന് കിട്ടിയ ദൃശ്യത്തിലുണ്ടായിരുന്ന ഒരു വെള്ള സ്വിഫ്റ്റ് കാറിന് സമാനമായ വാഹനം ഇൻഷുറൻസ് ക്ലയിം ചെയ്യാൻ വന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് അപകടമുണ്ടാക്കിയ കാറാണെന്ന് വ്യക്തമായത്. വാഹനമോടിച്ച ഷജീൽ ഇതിനിടെ വിദേശത്തേക്ക് കടന്നിരുന്നു. അശ്രദ്ധമായി വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയുമായിരുന്നു. അപകടം നടന്നശേഷം പിടിക്കപ്പെടുമെന്ന് കരുതി രക്ഷപ്പെട്ട ഇയാൾ പിന്നീട് കാർ രൂപമാറ്റം വരുത്തുകയും ചെയ്തിരുന്നു.
അപകടമുണ്ടാക്കിയ ശേഷം വിദേശത്തേക്ക് കടന്ന ഇയാൾ തിങ്കളാഴ്ചയാണ് കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിലാകുന്നത്. വിദേശത്തുനിന്ന് വന്നിറങ്ങിയ ഷജീലിനെ എമിഗ്രേഷൻ വിഭാഗമാണ് പിടികൂടിയത്. അപകടമുണ്ടാക്കി വിദേശത്തേക്ക് കടന്ന ഇയാളെ പിടികൂടാൻ രാജ്യത്തെ എല്ലാ വിമാനത്താവളത്തിലും ലുക്ക്ഔട്ട് നോട്ടീസ് നൽകിയിരുന്നു. തുടർന്ന് ചൊവ്വാഴ്ച വടകരയിൽ എത്തിച്ച ഇയാളെ കോടതിയിൽ ഹാജരാക്കുകയും അവിടെനിന്ന് ജാമ്യം ലഭിക്കുകയുമായിരുന്നു.