ന്യൂഡൽഹി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടി യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി പുതിയ മധ്യസ്ഥനെ നിയോഗിച്ചതായി കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. കെ.എ. പോൾ ആണോ മധ്യസ്ഥനെന്നു ചോദിച്ച കോടതിയോട് അല്ലായെന്നും പുതിയ ആളാണെന്നും കേന്ദ്രം വ്യക്തമാക്കി. നിമിഷയുടെ ജീവനിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. ചർച്ചകൾ പുരോഗമിക്കുകയാണ്. നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന പ്രതീക്ഷയും കേന്ദ്രം പങ്കുവച്ചു. കേസ് ജനുവരിയിലേക്ക് മാറ്റി. അതിനിടയിൽ പുതിയ സംഭവങ്ങൾ ഉണ്ടായാൽ കോടതി പരിഗണിക്കും.
അതേസമയം നിമിഷപ്രിയയുടെ മോചനത്തിനായി കെ.എ. പോൾ പണം പിരിക്കുന്നത് തങ്ങളുടെ അറിവോടെയല്ലെന്നും പണപ്പിരിവിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ജൂലൈ 16ന് നടക്കാനിരുന്ന നിമിഷയുടെ വധശിക്ഷ ചർച്ചകളെ തുടർന്ന് മാറ്റിവച്ചിരുന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന് ദയാധനം നൽകുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ വ്യക്തമായ തീരുമാനത്തിലെത്തിയിട്ടില്ല.
2017ലാണ് തലാൽ കൊല്ലപ്പെട്ടത്. തുടർന്ന് 2020 ൽ യെമൻ കോടതി വധശിക്ഷക്ക് ഉത്തരവിട്ടു. 2024 ഡിസംബറിൽ യെമൻ പ്രസിഡന്റ് റഷാദ് അൽ അലിമി വധശിക്ഷക്ക് അംഗീകാരം നൽകി. മാസങ്ങളായി നിമിഷയുടെ മോചനത്തിനായുള്ള ശ്രമങ്ങൾ തുടരുകയാണ്.