നിലമ്പൂർ: പിവി അൻവർ രാജിവച്ചൊഴിഞ്ഞ സ്ഥാനത്തേക്കു നടക്കുന്ന നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി ഷോൺ ജോർജിനെ ഇറക്കി മത്സരിപ്പിച്ചേക്കുമെന്ന് സൂചന. ക്രൈസ്തവ വോട്ടുകൾ ലക്ഷ്യം വച്ചാണ് ഷോണിന്റെ പേരിന് മുൻതൂക്കം നൽകുന്നത്. മണ്ഡലത്തിൽ നിന്നുള്ള ക്രൈസ്തവ നേതാവിനെയും പരിഗണിച്ചേക്കാൻ സാധ്യതയുണ്ട്. വഖഫ് ബില്ലിന്റേയും മുനമ്പത്തേയും സാഹചര്യം പരിഗണിച്ചാണ് ബിജെപി നീക്കം. വഖഫ് ബില്ല് സഭയിൽ പാസായതോടെ മുനമ്പം പ്രശ്നത്തിലും തീരുമാനമായാൽ വോട്ട് പെട്ടിയിലും അതു പ്രതിഫലിക്കുമെന്ന കാര്യം ഉറപ്പ്.
മാത്രമല്ല നിലമ്പൂർ മണ്ഡലത്തിൽ 20 ശതമാനം ക്രൈസ്തവ വോട്ടുകൾ ഉണ്ട്. ബിജെപി വോട്ടുകൾക്ക് പുറമേ ഈ വോട്ടുകൾ കൂടി സമാഹരിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. സംസ്ഥാനതലത്തിൽ തന്നെ ബിജെപിയുമായുള്ള സമവാക്യം ഇതിലൂടെ മെച്ചപ്പെടുത്താമെന്നും ബിജെപി കരുതുന്നു. ഷോണിനെ കൂടാതെ അനൂപ് ആന്റണിയുടെ പേരും ലിസ്റ്റിലുണ്ട്.














































