ന്യൂഡൽഹി: ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ച ഐ20 കാർ ഓടിച്ചിരുന്ന ഭീകരൻ ഉമർ മുഹമ്മദിന് 20 ലക്ഷം രൂപ ലഭിച്ചിരുന്നതായി എൻഐഎ. ഇതു സംബന്ധിച്ച ഹവാല ഇടപാടുമായി ബന്ധമുള്ള ചിലരെ അന്വേഷണസംഘം ചോദ്യംചെയ്തുവരികയാണ്. ഭീകരർ രാജ്യത്ത് സ്ഫോടനപരമ്പര നടത്തുന്നതിന് പദ്ധതിയിട്ടിരുന്നെന്നെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഉമർ മുഹമ്മദ് ഹരിയാനയിലെ നൂഹിൽനിന്ന് വലിയ അളവിൽ വളം സംഭരിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
സ്ഫോടകവസ്തുക്കൾ നിർമിക്കാനുപയോഗിക്കാവുന്ന എൻപികെ വളമാണ് വാങ്ങിക്കൂട്ടിയത്. ലൈസൻസില്ലാതെ വളം വിൽപ്പനനടത്തിയിരുന്ന ദിനേശ് എന്നയാളെ നൂഹിൽനിന്ന് അധികൃതർ കസ്റ്റഡിയിലെടുത്തു.സ്ഫോടനദിവസം വസീർപുർ വ്യവസായ മേഖലയിൽ ഡോ. ഉമർ നബി കാർ നിർത്തി ഇറങ്ങിപ്പോയ ചായക്കടയിലെ ആളെയും ചോദ്യംചെയ്തു.
വന്നയാൾ ഒന്നും വാങ്ങിയിരുന്നില്ലെന്നും കുറച്ചുസമയത്തിനുശേഷം മടങ്ങിയെന്നും മൊഴിനൽകി.ചെങ്കോട്ട സ്ഫോടനത്തിനു പിന്നാലെ ബംഗാളിൽനിന്ന് പിടിയിലായ ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയിലെ എംബിബിഎസ് വിദ്യാർഥി ജാനിസുർ ആലം എന്ന നിസാറും ഭീകരസംഘത്തിലെ കണ്ണിയാണെന്ന് എൻഐഎ സംശയിക്കുന്നു. കശ്മീർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭീകരസംഘത്തെക്കുറിച്ച് ആദ്യസൂചന ലഭിച്ചത്. തുടർന്ന് ഫരീദാബാദിൽനിന്ന് സ്ഫോടകവസ്തുക്കൾ പിടികൂടി.
അതിനുശേഷമാണ് ഡൽഹി ചെങ്കോട്ടയ്ക്കടുത്ത് കാർസ്ഫോടനമുണ്ടായത്. ഭീകരാക്രമണശ്രമങ്ങൾക്കിടെ പ്രതികൾ രാജ്യംവിടാൻ പദ്ധതിയിട്ടതായും സൂചനയുണ്ട്. അറസ്റ്റിലായ ഡോ. ഷഹീൻ ഷാഹിദ് ഈയടുത്താണ് പാസ്പോർട്ടിന് അപേക്ഷിച്ചത്. പോലീസ് വെരിഫിക്കേഷൻ നവംബർ മൂന്നിനായിരുന്നു.



















































