പാലക്കാട്: സനീഷ് മേലേപ്പാട്ട് എന്ന ചെറുപ്പക്കാരന്റെ നാളുകളേറെയായുള്ള സ്വപ്നങ്ങളൊക്കെയും മലയാള സിനിമാ ലോകത്തെ ചുറ്റിപറ്റിയുള്ളതായിരുന്നു. ആ സ്വപ്നലോകം സനീഷിനെ തേടിയെത്തിയിരിക്കുകയാണ്. അരങ്ങേറ്റ ചിത്രമായ “ഇനിയും” മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുകയാണ്. ചിത്രത്തിലെ സനീഷിന്റെ നായകവേഷം കൈയ്യടികളോടെയാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്. ഫൈറ്റും പ്രണയവും family ഇമോഷൻസും ഇട കലർന്ന ആദ്യ ചിത്രം തന്നെ പ്രക്ഷക ശ്രദ്ധ നേടിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ഈ യുവതാരം
പാലക്കാട് ജില്ലയിലെ ഷോർണൂർ സ്വദേശിയാണ് സനീഷ്. സിനിമാ ചിത്രീകരണങ്ങളുടെ തട്ടകത്തിൽ ജനിച്ചുവളർന്ന സനീഷിനെപോലൊരാൾക്ക് അഭിനയമോഹം തോന്നിയതിൽ അതിശയിക്കാനില്ല. വള്ളുവനാടിന്റെ മനോഹാരിതയിൽ, അമ്പലങ്ങളും കാവുകളും മനകളും നെൽ പാടങ്ങളും സിനിമകളുടെ ലൊക്കേഷനുകൾ ആയപ്പോൾ അതിലേക്ക് ആകർഷണം തോന്നിയ സനീഷ് അങ്ങനെ മലയാള സിനിമയിലെ പുതുമുഖ ഹീറോ ആയി തുടക്കം കുറിച്ചിരിക്കുന്നു.
കുടുംബത്തിലെ എല്ലാവരും തന്നെ സർക്കാർ സർവീസിൽ ആണെങ്കിലും സനീഷ് അതിൽ നിന്ന് വിഭിന്നമായി പ്രൊഫഷണൽ ഡിഗ്രി എടുത്തതിന് ശേഷം കോർപ്പറേറ്റ് മേഖലയിലേക്ക് എത്തി. ഒരു എച്ച് ആർ പ്രൊഫഷണൽ ആയി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടയിലും സിനിമ എന്ന സ്വപ്നം മനസ്സിലുണ്ടായിരുന്നു.
“ജീവിതത്തിലെ ഒഴിച്ചുകൂടാൻ പറ്റാത്ത ഉത്തരവാദിത്തങ്ങൾക്കിടയിൽ, സിനിമയിലേക്ക് പൂർണ്ണമായി ഫോക്കസ് ചെയ്യാൻ പല സന്ദർഭങ്ങളിലും സാധിച്ചു എന്ന് വരില്ല. എന്നാൽ ആ സ്വപ്നം ഒരിക്കലും വിട്ടുകളയാൻ ഞാൻ തയ്യാറല്ലായിരുന്നു. അങ്ങനെ, കാത്തിരിപ്പിനും പരിശ്രമത്തിനും ശേഷം ആ മോഹം പൂവണിഞ്ഞു. പുതുമുഖമായിട്ടും എന്നിൽ വിശ്വാസമർപ്പിച്ച് അവസരം നൽകിയ സിനിമയുടെ നിർമ്മാതാവും തിരകഥാകൃത്തും ആയ സുധീർ CB, സംവിധായകൻ ജീവ എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു”. സനീഷ് പറയുന്നു.താൻ ഒരു കംപ്ലീറ്റ് ആക്ടർ അല്ല പക്ഷേ ആത്മാർത്ഥമായി സിനിമയെ സമീപിക്കുന്ന ഒരാളാണ് എന്നും സനീഷ് കൂട്ടിച്ചേർത്തു.
Fitness-നും martial arts-നും പ്രാധാന്യം നൽകുന്ന സനീഷിന് സംഗീതത്തിനോടും താല്പര്യമുണ്ട്. ആദ്യ സിനിമയിൽ തന്നെ സ്വന്തമായി ഡബ്ബ് ചെയ്യാൻ കഴിഞ്ഞത് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു. “ഇനിയും” എന്ന സിനിമയിലെ ഭദ്രൻ എന്ന കഥാപാത്രം നിറഞ്ഞ സദസ്സിൽ കയ്യടി നേടുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ് സനീഷ് എന്ന നടൻ. തുടർന്നും സിനിമാരംഗത്ത് ശ്രദ്ധേയ കഥാപാത്രങ്ങൾ ചെയ്യാനുള്ള യാത്രയുടെ തുടക്കം മാത്രമാണ് “ഇനിയും”.

















































