ന്യൂഡൽഹി: ഇന്ത്യ ലോകത്തിന്റെ പുതിയ നിർമാതാവാണ്. അതുപോലെ ഞങ്ങളുടെ പ്രദേശങ്ങളും നിങ്ങൾ നിർമിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റുവൻ അസർ. ഇസ്രയേലിലെ പ്രദേശങ്ങൾ പുനർനിർമിക്കാൻ ഇന്ത്യയുടെ സഹായം തങ്ങൾക്കു വേണമെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ റുവൻ അസർ പറഞ്ഞു.
റുവൻ അസറിന്റെ വാക്കുകൾ ഇങ്ങനെ
“നിങ്ങൾ ഇന്ത്യയെ നിർമ്മിക്കുന്നതുപോലെ, ഞങ്ങളുടെ മേഖലയും നിങ്ങൾ നിർമ്മിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, നിങ്ങൾക്ക് അത് ചെയ്യാൻ കഴിയും. രണ്ടോ മൂന്നോ ആഴ്ച മുമ്പ്, ഇസ്രായേലിൽ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിൽ പങ്കു വഹിക്കാൻ ഇന്ത്യൻ കമ്പനികളെ സമീപിച്ച ഒരു പ്രതിനിധി സംഘം ഇവിടെ ഉണ്ടായിരുന്നു. ഫലസ്തീനികൾക്കായും അവർക്ക് എളുപ്പത്തിൽ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാൻ കഴിയും,”
തിങ്കളാഴ്ച നടത്തിയ ഇസ്രയേൽ – പലസ്തീൻ സംഘർഷം അവസാനിപ്പിച്ച് ഗാസയിൽ സമാധാനം സ്ഥാപിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തിങ്കളാഴ്ച 20 ഇന പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഈ സമാധാന പദ്ധതിയിൽ ഇന്ത്യ പോലുള്ള മറ്റ് രാജ്യങ്ങൾക്ക് മേഖലയിലെ പുനർനിർമാണ പ്രവർത്തനങ്ങളിൽ ഭാഗമാകാനാകുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
അതേസമയം ഡോണൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വാഗതം ചെയ്തിരുന്നു. പലസ്തീനിലെയും ഇസ്രയേലിലെയും ജനതയ്ക്കും പശ്ചിമേഷ്യൻ മേഖലയ്ക്ക് മൊത്തത്തിലും ദീർഘകാലവും സുസ്ഥിരവുമായ സമാധാനത്തിനും സുരക്ഷയ്ക്കും വികസനത്തിനുമുള്ള പ്രായോഗികമായ ഒരു വഴിയാണ് പദ്ധതി എന്നായിരുന്നു മോദിയുടെ പ്രതികരണം. സമാധാനം ഉറപ്പാക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾക്ക് പ്രധാനമന്ത്രി പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.