പാരിസ്: പലസ്തീനെ സെപ്റ്റംബറിൽ രാഷ്ട്രമായി അംഗീകരിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഫ്രാൻസ് വ്യക്തമാക്കിയതിന് പിന്നാലെ രൂക്ഷ വിമർശനവുമായി യുഎസും ഇസ്രയേലും രംഗത്ത്. ഒക്ടോബർ 7ന് നടന്ന ആക്രമണത്തിനിരയായവരുടെ മുഖത്തടിയ്ക്കുന്നതിനു സമാനമായ നീക്കമാണ് ഫ്രാൻസിന്റെ നിലപാടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റൂബിയോ പറഞ്ഞു.
ഹമാസിനെ പിന്തുണയ്ക്കുന്നതാണ് ഫ്രാൻസിന്റെ തീരുമാനമെന്നും റൂബിയോ കൂട്ടിച്ചേർത്തു. ഇസ്രയേലും ഫ്രാൻസിന്റെ നിലപാടിനെതിരെ ശക്തമായ ഭാഷയിൽ വിമർശനം ഉന്നയിച്ചു. ഭീകരവാദത്തിനുള്ള പ്രതിഫലവും ഇസ്രയേലിന്റെ അസ്തിത്വത്തിന് ഭീഷണിയുമാണ് പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന നടപടിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.
ഗാസയിൽ പട്ടിണി രൂക്ഷമാകുന്നതിനുപിന്നിൽ ഇസ്രയേലാണെന്ന ആരോപണവും നെതന്യാഹു നിഷേധിച്ചു. ഫ്രഞ്ച് ചരിത്രത്തിലെ കറുത്ത ഏടാണിതെന്നും ഭീകരവാദത്തിനുള്ള സഹായമാണെന്നും ഇസ്രയേൽ ഉപപ്രധാനമന്ത്രി യാരിവ് ലെവിൻ പറഞ്ഞു. പ്രധാനപ്പെട്ട ലോക ശക്തികൾ ഉൾപ്പെടുന്ന ജി7 രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്ന് പലസ്തീനെ അംഗീകരിക്കുമെന്ന് പറയുന്ന ആദ്യ രാജ്യമാണ് ഫ്രാൻസ്.
സെപ്തംബറിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ വച്ച് ഫ്രാൻസ് പ്രതിനിധി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നാണ് പ്രസിഡന്റ് വ്യക്തമാക്കിയിരിക്കുന്നത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുകയും സാധാരണക്കാരെ രക്ഷിക്കുകയുമാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.
ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും ഹമാസിനെ നിരായുധീകരിക്കുകയും ഗാസയെ പുനർ നിർമ്മിക്കുകയും വേണമെന്നും എക്‌സിൽ കുറിച്ചു. ഇസ്രയേലിനെ പൂർണ്ണമായി അംഗീകരിച്ചു കൊണ്ട് തന്നെ പലസ്തീൻ രാഷ്ട്രം കെട്ടിപ്പെടുക്കണമെന്നും മധ്യപൂർവ്വ ദേശത്തെ സമാധാനത്തിനായി മറ്റു ബദലുകളില്ലെന്നും മാക്രോൺ കൂട്ടിച്ചേർത്തു.