ന്യൂഡൽഹി ∙ രാജ്യവ്യാപക എസ്ഐആറിനുള്ള (സമഗ്ര വോട്ടർപട്ടിക പരിഷ്കരണം) ഷെഡ്യൂൾ തിരഞ്ഞെടുപ്പ് കമ്മിഷൻ തിങ്കളാഴ്ച പ്രഖ്യാപിക്കും. വൈകിട്ട് 4.15നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. നിരവധി സംസ്ഥാനങ്ങളിൽ അടുത്ത മാസം ഒന്നിന് രാജ്യവ്യാപക എസ്ഐആർ ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ എസ്ഐആർ നടപ്പാക്കുന്നത് നീട്ടിവച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. കേരളത്തിൽ തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്ഐആർ നീട്ടണം എന്ന നിർദേശം നിയമസഭയും ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ച യോഗത്തിൽ കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ഇക്കാര്യം ചൂണ്ടിക്കാട്ടി.
അടുത്ത മാസം ആദ്യം കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും. ഡിസംബർ 20ന് മുൻപ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന തരത്തിലാകും തിരഞ്ഞെടുപ്പ് പ്രഖ്യാപനം. ബിഹാറിലെ എസ്ഐആറിനെതിരായ കേസ് സുപ്രീംകോടതിയിൽ തുടരുമ്പോഴാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ രാജ്യവ്യാപക എസ്ഐആറിനുള്ള നടപടി ആരംഭിക്കുന്നത്.















































