ഡൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണ ഇടപാട് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ തെളിവുണ്ടെന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇരുവർക്കുമെതിരെ കള്ളപ്പണ ഇടപാട് തെളിയിക്കുന്ന രേഖകളുണ്ടെന്ന് ഡൽഹിയിലെ പിഎംഎൽഎ പ്രത്യേക കോടതിയിൽ ഇഡി അറിയിച്ചു. കോൺഗ്രസ് നേതാക്കൾ സാമ്പത്തിക നേട്ടമുണ്ടാക്കാനായാണ് യങ്ങ് ഇന്ത്യയെന്ന കമ്പനിയുണ്ടാക്കിയത്. ഈ കമ്പനിയിൽ ബിസിനസ് സംബന്ധമായ പ്രവർത്തനങ്ങളില്ല. ക്രമക്കേടിലൂടെ നേടിയ സ്വത്ത് കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചു. യങ്ങ് ഇന്ത്യയുടെ ഓഹരിയും സ്വത്തും വാടക വരുമാനവും കുറ്റകൃത്യത്തിന്റെ ഭാഗമെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി.
അതുകൂടാതെ കെട്ടിട വാടക ഇനത്തിലും കോൺഗ്രസ് നേതാക്കൾക്ക് കള്ളപ്പണ ഇടപാടുണ്ട്. അസോസിയേറ്റ് ജേർണലും യങ്ങ് ഇന്ത്യയും കോൺഗ്രസും ചേർന്ന് കുറ്റകരമായ ഗൂഢാലോചന നടത്തി. കോൺഗ്രസിന് സംഭാവന നൽകിയവർ വഞ്ചിക്കപ്പെട്ടുവെന്നും ഇഡി കോടതിയെ അറിയിച്ചു. അതേസമയം കുറ്റകൃത്യങ്ങളിൽ വ്യക്തികൾക്ക് മാത്രമാണോ പങ്കെന്നും കോൺഗ്രസ് പാർട്ടിക്ക് പങ്കില്ലേയെന്നും പിഎംഎൽഎ കോടതി ചോദിച്ചു. എഐസിസിയെ ഇരയാക്കിയാണോ കള്ളപ്പണ ഇടപാടെന്നും കോടതി ചോദ്യം ഉന്നയിച്ചു. ഇ ഡിയുടെ കുറ്റപത്രത്തിന്മേൽ ജൂലൈ രണ്ട് മുതൽ എട്ട് വരെ ഡൽഹിയിലെ പ്രത്യേക പിഎംഎൽഎ കോടതി വാദം കേൾക്കും.
ജവഹർലാൽ നെഹ്‌റു 1937 ൽ സ്ഥാപിച്ച നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎൽ യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേടും ഫണ്ട് ദുരുപയോഗവും നടന്നതായാണ് കേസ്. 2014 ൽ ഡൽഹി ഹൈക്കോടതിയിൽ ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി സമർപ്പിച്ച ഹർജിയിൽ നിന്നാണ് 2021 ൽ ഇ ഡി അന്വേഷണം ആരംഭിച്ചത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കൾ എന്നിവർ ചേർന്ന് യങ് ഇന്ത്യ വഴി 50 ലക്ഷം രൂപയ്ക്ക് അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ വഞ്ചനാപരമായി ഏറ്റെടുത്തതായാണ് പരാതിയിലെ ആരോപണം.