ന്യൂഡൽഹി: ഗാസിയാബാദിൽ പ്രായപൂര്‍ത്തിയാകാത്ത് മൂന്ന് സഹോദരിമാർ കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത തുടരുന്നു. ഗാസിയാബാദിലെ റസിഡൻഷ്യൽ ടൗൺഷിപ്പായ ഭാരത് സിറ്റിയിലെ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടിയാണ് പാഖി (12), പ്രാചി (14), നിഷിക (16) എന്നിവർ ആത്മഹത്യ ചെയ്തത്. കൊറിയൻ ഗെയിമുകളോടും സംഗീതത്തോടുമുള്ള അമിത ആസക്തി കാരണം ഫോണുകൾ പിടിച്ചുവാങ്ങിയതാണ് കുട്ടികളുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാൽ പിതാവ് ചേതൻകുമാറിന്റെ മൊഴികളിലെ വൈരുദ്ധ്യം നിലനിൽക്കുന്നതോടെ കേസിൽ ദുരൂഹത വർധിച്ചു. ചേതൻ കുമാറും മൂന്ന് ഭാര്യമാരായ സുജാത, ഹിന, ടീന എന്നിവരും അവരുടെ അഞ്ച് കുട്ടികളും അടങ്ങുന്നതായിരുന്നു ഇവരുടെ കുടുംബം. ഇതിൽ ഹീനയുടെ മക്കളാണ് പാഖിയും പ്രാചിയും ആദ്യഭാര്യയായ സുജാതയുടെ മകളാണ് നിഷിക. ഗാസിയാബാദിലെ ഭാരത് സിറ്റിയിലെ മൂന്ന് കിടപ്പുമുറികളുള്ള ഫ്ലാറ്റിലാണ് കുടുംബം താമസിച്ചിരുന്നത്.
എന്നാൽ 9 അംഗ കുടുംബം ഉറങ്ങിയിരുന്നത് ഒരേ മുറിയിലായിരുന്നുവെന്നും പൊലീസ് പറയുന്നു. ആദ്യ ഭാര്യ സുജാതയ്ക്ക് ഗർഭം ധരിക്കാനുള്ള ശേഷി ഇല്ലാത്തതിനാലാണ് അവരുടെ സഹോദരി ഹീനയെ വിവാഹം ചെയ്തതെന്നാണ് ചേതൻ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. എന്നാൽ ഈ മൊഴി തെറ്റാണെന്ന് കുട്ടികളുടെ പ്രായം തെളിയിക്കുന്നു. ആദ്യ ഭാര്യ സുജാതയെ 2010ലാണ് ചേതൻ വിവാഹം ചെയ്തത്. ഇതിലെ മകളായ നിഷികയ്ക്ക് 16 വയസാണ്.
രണ്ടാം ഭാര്യ ഹീനയെ 2012ലും വിവാഹം ചെയ്തു. ഈ ബന്ധത്തിലെ മക്കളായ പ്രാചിക്ക് 14 വയസും പഖിക്ക് 12 വയസും ഉണ്ട്. മൂന്നാം ഭാര്യ ടീനയെ 2023ലാണ് ചേതൻ വിവാഹം ചെയ്തത്. മുസ്‌ലിം സമുദായത്തിൽ ജനിച്ച ഇവരെ ഹിന്ദു മതത്തിലേക്ക് മാറ്റിയായിരുന്നു വിവാഹം. കുട്ടികളുടെ മരണത്തിന് 15 ദിവസം മുൻപാണ് കുട്ടികളുടെ ഫോൺ ചേതൻ വിറ്റത്. ഈ ഫോൺ പൊലീസ് കണ്ടെത്തി. ഫൊറൻസിക് പരിശോധനയ്ക്കായി പൊലീസ് ഇത് ലാബിലേക്ക് അയച്ചിട്ടുണ്ട്.













































