വാഷിങ്ടൺ: 36,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ യുണൈറ്റഡ് എയർലൈൻസിന്റെ ബോയിംഗ് 737 മാക്സ് 8 വിമാനം, വിൻഡ്ഷീൽഡ് തകർന്നതിനെ തുടർന്ന് അടിയന്തിരമായി നിലത്തിറക്കി. ഡെൻവറിൽ നിന്ന് ലോസ് ഏഞ്ചലസിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ വിൻഡ്ഷീൽഡാണ് തകർന്നത്. അപകടത്തിൽ പൈലറ്റിന് പരുക്കുപറ്റി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടം. 134 യാത്രക്കാരും ആറ് ജീവനക്കാരുമായി 36,000 അടി ഉയരത്തിൽ സഞ്ചരിക്കവെ, അജ്ഞാത വസ്തു വന്ന് വിമാനത്തിൽ ഇടിക്കുകയായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വസ്തു വിൻഡ്ഷീൽഡിലൂടെ ഇടിച്ചു കയറുകയും പൈലറ്റിന് പരുക്കേൽക്കുകയും ചെയ്തു.
അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിത്രങ്ങളിൽ പൈലറ്റിന്റെ കൈകളിൽ രക്തസ്രാവവും ചതവുകളും കാണാം. കൂടാതെ കോക്ക്പിറ്റിൽ ചില്ലുകൾ തകർന്ന് ചിതറിക്കിടന്നിരുന്ന അവസ്ഥയിലായിരുന്നു. വിൻഡ്ഷീൽഡിനുണ്ടായ കേടുപാടുകൾ പരിഹരിക്കുന്നതിനായി വിമാനം സോൾട്ട് ലേക്ക് സിറ്റിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതായി യുണൈറ്റഡ് എയർലൈൻസ് പ്രസ്താവനയിൽ വ്യക്തമാക്കി. യാത്രക്കാരെ ലോസ് ഏഞ്ചൽസിലേക്ക് കൊണ്ടുപോകാൻ അന്നുതന്നെ മറ്റൊരു വിമാനം ഏർപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി. യാത്രക്കാർക്കാർക്കാർക്കും പരുക്കില്ലെന്നും യുണൈറ്റഡ് എയർലൈൻസ് സ്ഥിരീകരിച്ചു. പൈലറ്റിന്റെ പരുക്ക് നിസാരമായ ചതവ് മാത്രമാണെന്നും അവർ വ്യക്തമാക്കി.
അതേസമയം, അപകട കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ഇലക്ട്രിക്കൽ തകരാർ ഉണ്ടായാൽ വിൻഡ്ഷീൽഡിൽ വിള്ളലുണ്ടാകാൻ സാധ്യതയുണ്ടെങ്കിലും, കരിഞ്ഞ പാടുകളും തകർന്ന ഗ്ലാസും വിമാനത്തിൽ എന്തോ വന്നിടിച്ചുവെന്നാണ് സൂചിപ്പിക്കുന്നതെന്ന് വിദഗ്ധർ പറഞ്ഞു. പക്ഷികളും ആലിപ്പഴവും മറ്റ് വസ്തുക്കളും സാധാരണയായി താഴ്ന്ന ഉയരങ്ങളിൽ വെച്ചാണ് വിമാനങ്ങളുമായി കൂട്ടിയിടിക്കാറ്. എന്നാൽ, ബോയിംഗ് 737 മാക്സ് 8 വിമാനം 36,000 അടി ഉയരത്തിലായിരുന്നു പറന്നിരുന്നത്.
മാത്രമല്ല വിമാനത്തിന്റെ വിൻഡ്ഷീൽഡുകൾ പക്ഷിയിടിയും മർദ്ദ വ്യതിയാനങ്ങളും താങ്ങാൻ ശേഷിയുള്ളവയാണ്. എന്നാൽ അതിവേഗത്തിൽ വരുന്ന ഒരു വസ്തുവിന് ഈ പ്രതിരോധം എളുപ്പത്തിൽ തകർക്കാൻ കഴിയും. വിൻഡ്ഷീൽഡിലെ അസാധാരണമായ കേടുപാടുകൾ കണക്കിലെടുക്കുമ്പോൾ ബഹിരാകാശ മാലിന്യമോ ഒരു ചെറിയ ഉൽക്കയോ ആകാം ഇതിന് കാരണമായതെന്ന് വ്യോമയാന രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
🚨United #Boeing 737 MAX 8 (N17327) flight UA1093 from #Denver to #LosAngeles diverted to #SaltLakeCity after reportedly hitting “metal space debris” at 36,000 ft.
The crew noticed a crack in one layer of the windshield and landed safely. A replacement aircraft later continued… pic.twitter.com/3kXm7mcKOZ
— News.Az (@news_az) October 20, 2025