ചെന്നൈ: കുപ്രസിദ്ധ കാട്ടു കൊള്ളക്കാരൻ വീരപ്പനു സർക്കാർ സ്മാരകം നിർമിക്കണമെന്നാവശ്യവുമായി ഭാര്യ മുത്തുലക്ഷ്മി രംഗത്ത്. ഡിണ്ടിഗലിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ മന്ത്രി ഐ. പെരിയസാമിയോടാണു തന്റെ ഭർത്താവിനെ അടക്കം ചെയ്ത സ്ഥലത്ത് സ്മാരകം പണിയാൻ തമിഴ്നാട് സർക്കാർ നടപടി സ്വീകരിക്കണമെന്ന് മുത്തുലക്ഷ്മി ആവശ്യപ്പെട്ടത്.ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു.
നിലവിൽ തമിഴക വാഴ്‌വുരുമൈ കക്ഷി നേതാവു കൂടിയാണ് മുത്തുലക്ഷ്മി. തമിഴ്നാട് ഭരിക്കുമെന്ന് സ്വപ്നം കണ്ട് ഇന്ന് പലരും രാഷ്ട്രീയം കളിക്കുകയാണെന്ന് മുത്തുലക്ഷ്മി പറഞ്ഞു.
നടിമാരെ കെട്ടിപ്പിടിച്ച് പണം സമ്പാദിച്ച ശേഷം തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയാണെന്ന് ഇവർ വീമ്പിളക്കുകയാണെന്നും അവർക്ക് ഇടം കൊടുക്കരുതെന്നും വിജയ്‌യെ പരോക്ഷമായി വിമർശിച്ച് മുത്തുലക്ഷ്മി പറഞ്ഞു. വീരപ്പന്റെ മകൾ വിദ്യാറാണിയും സീമാന്റെ നാം തമിഴർ കക്ഷി അംഗമായി രാഷ്ട്രീയത്തിലുണ്ട്.