ചെന്നൈ: ഡിഎംകെ ദുഷ്ടശക്തിയെങ്കിൽ രാജ്യത്ത് സംശുദ്ധമായ ഒരു പാർട്ടിപോലുമില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയാധ്യക്ഷൻ കാദർ മൊയ്തീൻ. ഡിഎംകെയെ ദുഷ്ടശക്തിയെന്ന് ആക്ഷേപിച്ച ടിവികെ നേതാവ് വിജയ്‌യെ രൂക്ഷമായി വിമർശിച്ചുകൊണ്ടു മറുപടിനൽകുകയായിരുന്നു അദ്ദേഹം.
പ്രമുഖ ദ്രാവിഡ പാർട്ടിയായ ഡിഎംകെയെ ഒരിക്കലും മോശമായി ചിത്രീകരിക്കാനാവില്ല. അങ്ങനെയെങ്കിൽ രാജ്യത്തെ ഒരു രാഷ്ട്രീയപാർട്ടിക്കും പരിശുദ്ധി അവകാശപ്പെടാൻ കഴിയില്ല. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ തമിഴ്നാട്ടിൽ സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ, സാമ്പത്തിക വികസനത്തിൽ വലിയ റെക്കോഡ് ഉണ്ടാക്കിയിട്ടുണ്ട്.
സാമൂഹികനീതിക്കും സമത്വത്തിനും വേണ്ടി നിലകൊള്ളുന്ന ഒരു പാർട്ടിയെ ദുഷ്ടശക്തിയെന്നു വിളിക്കുന്നത് എങ്ങനെയാണെന്നും കാദർ മൊയ്തീൻ ചോദിച്ചു. തിരുപ്പറംകുണ്ട്രം വിഷയം ഹിന്ദുക്കളും മുസ്‍ലിങ്ങളും തമ്മിലുള്ള സാഹോദര്യം തകർക്കാനുള്ള വർഗീയശക്തികളുടെ തന്ത്രങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.

















































