മുംബൈ: ഓഹരി വ്യാപാര തട്ടിപ്പിൽ മുംബൈ സ്വദേശിക്ക് നഷ്ടമായത് 35 കോടി രൂപ. മുംബൈ മതുങ്ക വെസ്റ്റിൽ താമസിക്കുന്ന ഭരത് ഹരക്ചന്ദ് ഷായ്ക്കാണ് നാലുവർഷത്തിനിടെ 35 കോടി രൂപ നഷ്ടപ്പെട്ടത്. ഗ്ലോബ് ക്യാപിറ്റൽ മാർക്കറ്റ് ലിമിറ്റഡ് എന്ന ബ്രോക്കറേജ് സ്ഥാപനം ഷായുടെയും ഭാര്യയുടെയും അക്കൗണ്ട് നാല് വർഷം അനധികൃത വ്യാപാരത്തിനായി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.
പരേലിൽ കാൻസർ രോഗികൾക്കായി ഗസ്റ്റ് ഹൗസ് നടത്തുന്ന ആളാണ് ഭരത് ഹരക്ചന്ദ് ഷായും ഭാര്യയും. 1984 ൽ ഇദ്ദേഹം ഓഹരി പോർട്ട്ഫോളിയോ ഉണ്ടാക്കിയിരുന്നു. എന്നാൽ, ഓഹരി വിപണിയെക്കുറിച്ച് അറിവ് ഇല്ലാത്തതിനാൽ ഈ അക്കൗണ്ട് ഉപയോഗിച്ച് അവർ വ്യാപാരം നടത്തിയിരുന്നില്ല. പിന്നീട് വർഷങ്ങൾക്കുശേഷം 2020-ൽ സുഹൃത്തിന്റെ നിർദ്ദേശത്തെത്തുടർന്നാണ് ഗ്ലോബ് ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡിൽ ഡീമാറ്റ് ആൻഡ് ട്രേഡിങ് അക്കൗണ്ട് തുറക്കാനായി ഇവരുടെ പഴയ ഓഹരികൾ കമ്പനിക്ക് കൈമാറിയത്.
പിന്നീട് കമ്പനി പ്രതിനിധികൾ ഷായെ പതിവായി ബന്ധപ്പെടുകയും വിപണിയിലെ പുതിയ സാധ്യതകളെപ്പറ്റി സംസാരിക്കുകയും ചെയ്തിരുന്നു. ഇയാളുടെ പോർട്ട്‌ഫോളിയോ കൈകാര്യം ചെയ്യുന്നതിനായി അക്ഷയ് ബാരിയ, കരൺ സിറോയ എന്നീ രണ്ട് ജീവനക്കാരെ കമ്പനി നിയമിച്ചിരുന്നു. ഇതോടെ ഭരത് ഷായുടെയും ഭാര്യയുടെയും അക്കൗണ്ടുകളുടെ പൂർണനിയന്ത്രണം കമ്പനി ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ആവശ്യപ്പെട്ട ഒടിപിയും എസ്എംഎസും ഷാ നൽകിയതോടെ തട്ടിപ്പുകാർ വൻ വ്യാപാരമാണ് നടത്തിയത്. 2020 മാർച്ചിനും 2024 ജൂണിനും ഇടയിൽ, ബാങ്ക് അക്കൗണ്ടുകളിൽ വലിയ തുകകൾ ക്രെഡിറ്റ് ആയിരുന്നു. കമ്പനി നൽകുന്ന ലാഭവിഹിതമെന്ന് കരുതിയതിനാൽ ഷാ കമ്പനിയെ സംശയിച്ചിരുന്നില്ല.
എന്നാൽ, 2024 ജൂലൈയിൽ ഗ്ലോബ് ക്യാപിറ്റലിന്റെ റിസ്ക് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റിൽനിന്ന് 35 കോടി രൂപയുടെ കടമുണ്ടെന്ന് ഷായെ അറിയിച്ചു. തുക തിരിച്ചടച്ചില്ലെങ്കിൽ ഓഹരികൾ വിൽക്കുമെന്നും കമ്പനി അധികൃതർ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ തട്ടിപ്പ് പുറത്തുവന്നത്.
















































