ഒട്ടാവ: കാനഡയിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ അക്രമി അടക്കം പത്തുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 25 പേർക്കു പരുക്ക്. ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. പ്രാദേശികസമയം ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
അക്രമിയുടെ വെടിയേറ്റ് ആറുപേരെ സ്‌കൂളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അക്രമിയെന്ന് കരുതുന്നയാളും സ്‌കൂൾ വളപ്പിൽ കൊല്ലപ്പെട്ടനിലയിലായിരുന്നു. ഇയാൾ സ്വയം വെടിവെച്ച് മരിച്ചതാണെന്നാണ് നിഗമനം. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഒരാൾ മരിച്ചതെന്നും അധികൃതർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട സ്കൂളിനു സമീപമുള്ള വീട്ടിൽ നിന്ന് രണ്ടുപേരുടെ മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, പരുക്കേറ്റ 25 പേരെ പ്രാദേശിക മെഡിക്കൽ സെന്ററിൽ ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി പ്രവേശിപ്പിച്ചിട്ടുണ്ട്.
പോലീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ, “ അക്രമിയെ ഒഴികെ സ്കൂളിനുള്ളിൽ ആറുപേരെ കൂടി മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് പേരെ ഗുരുതരമായതോ ജീവൻ അപകടത്തിലാക്കുന്നതോ ആയ പരുക്കുകളോടെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു. മറ്റൊരാൾ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മരിച്ചു. റോയൽ കാനഡിയൻ മൗണ്ടഡ് പോലീസ് (RCMP) സംഭവത്തിന്റെ മുഴുവൻ സാഹചര്യങ്ങളും അന്വേഷിക്കുമെന്ന് അറിയിച്ചു. സംഭവത്തെത്തുടർന്ന് ടംബ്ലർ റിഡ്ജ് പോലീസ് നഗരത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളോട് വീടുകളിൽ തന്നെ തുടരാനാണ് പോലീസിന്റെ നിർദേശം.
















































