തിരുവനന്തപുരം: ദേശീയപാതയുടെ ക്രെഡിറ്റ് അവകാശവാദങ്ങൾക്കിടെ, സംസ്ഥാനറോഡിലും ക്രെഡിറ്റ് തർക്കം. തദ്ദേശവകുപ്പിന്റെ ഫണ്ടുപയോഗിച്ച് തിരുവനന്തപുരം നഗരത്തിൽ നവീകരിച്ച സ്മാർട്ട് സിറ്റി റോഡുകളുടെ ഉദ്ഘാടനത്തിന് മന്ത്രി എം.ബി. രാജേഷ് പുറത്ത്. നഗരത്തിൽനിറഞ്ഞ ഫ്ലക്സ് ബോർഡുകളിൽ മന്ത്രി മുഹമ്മദ് റിയാസും മുഖ്യമന്ത്രിയും മാത്രമേയുണ്ടായിരുന്നുള്ളൂ.
പൊതുമരാമത്തുവകുപ്പ് ഒരുരൂപപോലും മുടക്കാത്ത റോഡ് വികസനത്തിന്റെ ക്രെഡിറ്റ് റിയാസ് അടിച്ചെടുത്തതിലെ അതൃപ്തി എം.ബി. രാജേഷ് മുഖ്യമന്ത്രിയെ അറിയിച്ചതായാണ് സൂചന.നവീകരിച്ച നഗരറോഡുകളുടെ മേയ് 16-നുനടന്ന ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ മന്ത്രി ശിവൻകുട്ടിയാണ് ഉദ്ഘാടനം നിർവഹിച്ചത്. രാജേഷിന്റെ പരാതിയാണ് മുഖ്യമന്ത്രി വിട്ടുനിൽക്കാൻ കാരണമെന്ന് വാർത്തവന്നതോടെ, നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി.
കേന്ദ്രഫണ്ടിനുപുറമേ തദ്ദേശവകുപ്പിന്റെയും കോർപ്പറേഷന്റെയും ഫണ്ടുപയോഗിച്ചാണ് നഗരറോഡുകൾ നവീകരിച്ചത്. കോർപ്പറേഷൻ റോഡുകൾക്കുപുറമേ, പൊതുമരാമത്ത് റോഡുകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. പൊതുമരാമത്ത് റോഡ് നിർമാണത്തിന് നേതൃത്വംവഹിച്ചത് റോഡ് ഫണ്ട് ബോർഡാണ്. ഈ ബന്ധമല്ലാതെ സാമ്പത്തികച്ചെലവോ മറ്റ് ഉത്തരവാദിത്വമോ പൊതുമരാമത്ത് വകുപ്പിന് ഇതിലുണ്ടായിരുന്നില്ല. എന്നാൽ, ഉദ്ഘാടനപരിപാടിയുടെ പ്രചാരണത്തിൽ മന്ത്രി റിയാസ് നിറഞ്ഞുനിന്നു. എം.ബി. രാജേഷ് ചിത്രത്തിലേ വന്നില്ല.