ആലപ്പുഴ: വിഎസിന്റെ ഭൗതികദേഹം വിലാപയാത്രയായി ബീച്ച് റിക്രിയേഷൻ മൈതാനത്തേക്ക് പുറപ്പട്ടു. വേലിക്കകത്തു വീട്ടിലെ പൊതു ദർശനത്തിനു ശേഷമായിരുന്നു ഭൗതികദേഹം, വിഎസ് ഏറെ നാൾ പ്രവർത്തിച്ച ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് എത്തിച്ചത്.
റിക്രിയേഷൻ മൊതാനത്തെ പൊതുദർശനത്തിനു ശേഷമാണ് വലിയ ചുടുകാട്ടിൽ സംസ്ക്കാരച്ചടങ്ങുകൾ നടക്കുക. ജില്ലാ കമ്മിറ്റി ഓഫിസിൽ എത്തിച്ച വിഎസിനെ ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് പേരാണ് കനത്ത മഴയെ അവഗണിച്ചും എത്തിച്ചേർന്നത്.
തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽനിന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ച വിലാപയാത്ര 22 മണിക്കൂർ പിന്നിട്ടാണ് വീട്ടിലെത്തിയത്.
കാസർകോട് അടക്കമുള്ള വടക്കൻ ജില്ലകളിൽനിന്ന് പ്രവർത്തകർ രാത്രി തന്നെ ആലപ്പുഴയിലെത്തിയിരുന്നു. മഴയെ അവഗണിച്ചും ജനക്കൂട്ടം വിഎസിനെ അവസാനമായി കാണാനെത്തുന്നു. ‘ഇല്ലാ ഇല്ല മരിക്കുന്നില്ല..’ മുദ്രാവാക്യങ്ങള്‍ അന്തരീക്ഷത്തിലുയരുന്നു.