ദുബായ്: ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് ഫൈനലിലെ സമ്മാനദാനവും പിന്നാലെയുണ്ടായ ട്രോഫി മുക്കലും തുടർസംഭവങ്ങളും വിവാദമായിരിക്കെ ഇന്ത്യൻ ടീമിനു ട്രോഫി കൈമാറാൻ ഉപാധിവച്ച് പാക്കിസ്ഥാൻ മന്ത്രിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാനുമായ മുഹ്സിൻ നഖ്‌വി. ഒരു ഔപചാരിക ചടങ്ങ് സംഘടിപ്പിച്ചാൽ മാത്രമേ സൂര്യകുമാർ യാദവിനും കൂട്ടർക്കും മെഡലുകൾ ലഭിക്കൂ എന്നും അവിടെ വച്ച് താൻ തന്നെ ട്രോഫിയും മെഡലുകളും കൈമാറുമെന്നും എഎസി സംഘാടകരെ നഖ്‌വി അറിയിച്ചതായാണ് റിപ്പോർട്ട്.
എന്നാൽ ഫൈനൽ കഴിഞ്ഞിട്ടു രണ്ടു ദിവസമായി മാത്രമല്ല താരങ്ങളെല്ലാം നാട്ടിലേക്കു മടങ്ങുകയും ചെയ്തു. ഇനിനിടെയാണ് ട്രോഫി കൈമാറാൻ നഖ്‌വി ഉപാധി വച്ചതായി റിപ്പോർട്ടു പുറത്തുവരുന്നത്. ഇതോടെ സാഹചര്യത്തിൽ, നഖ്‌വിയിൽനിന്ന് ട്രോഫി ഏറ്റുവാങ്ങാൻ ബിസിസിഐയോ ഇന്ത്യൻ ടീം മാനേജ്മെന്റോ തയാറാകില്ലെന്ന് ഉറപ്പായതിനാൽ ട്രോഫി വിതരണത്തിലെ അനിശ്ചിതത്വം നീളുമെന്നാണ് റിപ്പോർട്ട്
അതേസമയം ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻറെ മാനദണ്ഡങ്ങൾ പ്രകാരം ഏഷ്യാ കപ്പ് കിരീടം മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് എത്തിക്കേണ്ടതുണ്ട്. എന്നാൽ എസിസി പ്രസിഡന്റ് തന്നെ കടുംപിടിത്തം പിടിക്കുന്നതിനാൽ ഇക്കാര്യം നീണ്ടേക്കും. ട്രോഫിയും മെഡലുകളും എത്രയും പെട്ടെന്നു കൈമാറണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) എസിസിയോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം നവംബറിൽ നടക്കുന്ന രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ കോൺഫറൻസിൽ തന്നെ കണ്ടുകൊള്ളാമെന്നാണ് ബിസിസിഐ പറയുന്നു. കൗൺസിലിൽ വച്ച് നഖ്‌വിക്കെതിരെ നടപടി ആവശ്യപ്പെടുമെന്നും ബിസിസിഐ അറിയിച്ചു. ഫൈനൽ മത്സരശേഷം മുഹ്സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങില്ലെന്ന് ഇന്ത്യ നിലപാടെടുത്തതോടെയാണ് സമ്മാനദാനച്ചടങ്ങ് അനിശ്ചിതത്വത്തിലായത്. ഒടുവിൽ ഒരു മണിക്കൂർ വൈകിയാണു ചടങ്ങ് തുടങ്ങിയത്.
ചാംപ്യൻമാരായ ഇന്ത്യൻ ടീമിനു ട്രോഫി കൈമാറാൻ എസിസി ചെയർമാൻ മുഹ്സിൻ നഖ്‌വി സ്റ്റേജിൽ തുടർന്നെങ്കിലും സൂര്യകുമാർ യാദവും സംഘവും ചടങ്ങ് ബഹിഷ്കരിക്കുകയായിരുന്നു. എന്നാൽ പ്ലെയർ ഓഫ് ദ് ടൂർണമെന്റ്, മോസ്റ്റ് വാല്യുബിൾ പ്ലെയർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇതു സ്പോൺസർമാരുടെ സമ്മർദം കാരണമാണെന്നും എന്നാൽ ചാംപ്യൻമാരുടെ ട്രോഫി സ്വീകരിക്കുന്ന കാര്യത്തിൽ നിലപാട് മാറ്റില്ലെന്നും ബിസിസിഐ അറിയിച്ചു.