ദുബായ്: ഏഷ്യാ കപ്പ് ഫൈനലിന് ശേഷമുള്ള സമ്മാനദാന ചടങ്ങിലും വിവാദപ്പെരുമഴ. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡൻ്റും പാക് ആഭ്യന്തര മന്ത്രിയും പാക് ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വിയിൽ നിന്നും ട്രോഫി വാങ്ങില്ലെന്ന് ഇന്ത്യൻ താരങ്ങൾ അറിയിച്ചതോടെ കപ്പുമായി നഖ്‌വി മുങ്ങി. ഇന്ത്യ കപ്പ് വാങ്ങാൻ വിസമ്മതിച്ചതോടെ ട്രോഫി കൊണ്ട് നഖ്‌വി തന്റെ മുറിയിലേക്ക് ഓടിപ്പോയെന്നും റിപ്പോർട്ടുകൾ പറയുന്നു.
മാത്രമല്ല ഇന്ത്യൻ താരങ്ങൾക്ക് മെഡലും ട്രോഫിയും നൽകാൻ സംഘാടകരും ശ്രമിച്ചില്ല. ഇതോടെ ട്രോഫി ഇല്ലാതെ ഇന്ത്യൻ ടീം തങ്ങളുടെ വിജയം ആഘോഷിച്ചു. അതേസമയം അദ്ദേഹം ഈ ചെയ്തത് വൃത്തികേടാണ് ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈകിയ അഭിപ്രായപ്പെട്ടു. നഖ്‌വിയുടെ നടപടിയിൽ ഐസിസി യോഗത്തിൽ പ്രതിഷേധം അറിയിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി.
പാക്കിസ്ഥാനുമായി ഒരു സൗഹൃദത്തിനും തയാറല്ലെന്ന് ഇന്ത്യ തുടക്കത്തിലെ വ്യക്തമാക്കിയിരുന്നു. ആ നിലപാട് ടൂർണമെന്റിലുടനീളം ഇന്ത്യൻ താരങ്ങൾ പാലിക്കുകയും ചെയ്തു. പാക് താരങ്ങളുമായി ഹസ്തദാനം ചെയ്യാൻ പോലും ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചിരുന്നു.
അതേസമയം കിരീടം നേടിയാൽ മൊഹ്‌സിൻ നഖ്വയിൽ നിന്നും ഇന്ത്യൻ ടീം കിരീടം ഏറ്റുവാങ്ങില്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നിലപാടിൽ നിന്നും ഇന്ത്യൻ ടീം മാറാതിരുന്നതോടെയാണ് നഖ്‌വി ട്രോഫിയുമായി കളം വിട്ടത്. നഖ്‌വിയിൽ നിന്ന് കപ്പ് വാങ്ങില്ലെന്ന് ഇന്ത്യ നിലപാടെടുത്തതോടെ മറ്റാർക്കും ചുമതല നൽകാതെ കപ്പുമായി നഖ്‌വി നാടകീയമായി കടന്നുകളയുകയായിരുന്നു.
പഹൽഗാം ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നതിനെതിരെ ഉയർന്നത് വ്യാപക വിമർശനങ്ങളായിരുന്നു. സൂപ്പർ ഫോർ മത്സരത്തിനിടെ ഗൺഫയർ സെലിബ്രേഷൻ നടത്തിയും ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്ന തരത്തിലുള്ള ആംഗ്യം കാണിച്ചും പ്രകോപിക്കാൻ ശ്രമിച്ച പാക്കിസ്ഥാന് ഫൈനലിൽ തിരിച്ചടി നൽകുകയായിരുന്നു.
ആവേശം അവസാന ഓവർ വരെ നീണ്ടുനിന്ന കലാശപ്പോരിൽ പാക്കിസ്ഥാനെതിരെ 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നാണ് ഇന്ത്യ ഏഷ്യൻ കിരീടം ചൂടിയത്. അർധസെഞ്ചുറി നേടിയ തിലക് വർമയുടെ (53 പന്തിൽ 69*) മാസ്മരിക ഇന്നിങ്സാണ് ഇന്ത്യയെ ഏഷ്യൻ രാജാക്കന്മാരാക്കിയത്. ശിവം ദുബെ (22 പന്തിൽ 33), സഞ്ജു സാംസൺ (21 പന്തിൽ 24) എന്നിവരുടെ ബാറ്റിങ്ങും ഇന്ത്യയ്ക്കു കരുത്തേകി. 19-ാം ഓവറിൽ ദുബൈ പുറത്താകുമ്പോൾ ഇന്ത്യയ്ക്ക് വേണ്ടത് ആറു ബോളിൽ 10 റൺസായിരുന്നു. പിന്നാലെ തിലക് ഡബിളും ഒരു സിക്സറുമടക്കം എട്ടു റൺസ് നേടിയതോടെ ദൂരം രണ്ടു റൺസായി കുറഞ്ഞു, മൂന്നാം ബോളിൽ സിംഗിളെടുത്തതോടെ ബാറ്റൺ റിങ്കു സിങ്ങികൈകളിലേക്ക് 19-ാം ഓവറിലെ നാലാം ബോൾ ബൗണ്ടറിയിലേക്ക് പായിച്ച് റിങ്കു തന്റെ ദൗത്യം പൂർത്തിയാക്കി.
തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ആറു ബോളിൽ 5 റൺസെടുത്ത അഭിഷേക് ശർമയും 5 ബോളിൽ ഒരു റൺസെടുത്ത ക്യാപ്റ്റൻ സൂര്യകുമാറുമാണ് സൂപ്പർ ഓവറിൽ വീണത്. കഴിഞ്ഞ കളികളിലെല്ലാം മികച്ച കളി പുറത്തെടുത്ത അഭിഷേകിന് ഫൈനലിൽ കാലിടറുകയായിരുന്നു. പിന്നാലെ 12 റൺസെടുത്ത ഗില്ലിനെ മൂന്നാമത് ഇന്ത്യയ്ക്ക് നഷ്ടമായി. അഭിഷേകിനേയും ഗില്ലിനേയും പുറത്താക്കി പാക് താരം ഫഹീം അഷ്‌റഫാണ് ഇന്ത്യയ്ക്ക് പ്രഹരമേൽപിച്ചത്. ഷഹീൻ അഫ്രീദിക്കായിരുന്നു സൂര്യകുമാറിന്റെ വിക്കറ്റ്. ഇതോടെ പവർപ്ലേ അവസാനിച്ചപ്പോൾ 36/3 എന്ന നിലയിലായിരുന്നു ഇന്ത്യ.
പിന്നീടങ്ങോട്ട് സഞ്ജുവും തിലകും ചേർന്ന് ഇന്ത്യയെ തിരികെ കളിയിലേക്ക് കൊണ്ടുവരികയായിരുന്നു. നാലാം വിക്കറ്റിൽ ഒന്നിച്ച ഇരുവരും ചേർന്ന് 57 റൺസ് സ്കോർബോർഡിൽ കൂട്ടിച്ചേർത്തു. 13-ാം അബ്രാമിന്റെ ഓവറിൽ സാഹിബ്‌സാദാ ഫർഹാന് ക്യാച്ച് നൽകി സഞ്ജു പുറത്താവുകയായിരുന്നു. സഞ്ജു ഒരു സിക്സും രണ്ടു 4 ഫോറുമടക്കം 24 റൺസെടുത്തു.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 19.2 ഓവറിൽ 146 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടാവുകയായിരുന്നു. വെല്ലുവിളിയുയർത്തിയ ഓപ്പണർ സാഹിബ്‌സാദാ ഫർഹാനെ (38 പന്തിൽ 57) പുറത്താക്കി വരുൺ ചക്രവർത്തിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. മൂന്നു സിക്സും അഞ്ച് ഫോറുമടങ്ങുന്നതായിരുന്നു ഫർഹാന്റെ ഇന്നിങ്സ്. 46 റൺസെടുത്ത ഫഖർ സമാന്റെ വിക്കറ്റും വരുണിനു തന്നെയാണ്.
14 റൺസെടുത്ത സയിമിനേയും 8 റൺസെടുത്ത സൽമാൻ ആഗയേയും കുൽദീപ് പുറത്താക്കി. തുടർന്നു റൺസൊന്നും എടുക്കുംമുൻപ് ഷഹീൻ അഫ്രീദിയേയും ഫഹീം അഷ്‌റഫിനേയും പുറത്താക്കി കുൽദീപ് നാലാം വിക്കറ്റും സ്വന്തമാക്കി. ഷഹീൻ അഫ്രീദിയെ എൽബിഡബ്ല്യുവിൽ കുരുക്കുകയായിരുന്നു.
റൺസൊന്നുമെടുക്കുന്നതിനു മുൻപ് മുഹമ്മദ് ഹാരിസിനെ റിങ്കു സിങ്ങിന്റെ കയ്യിലെത്തിച്ച് അക്സർ പട്ടേലും ആദ്യ വിക്കറ്റ് സ്വന്തമാക്കി. പിന്നാലെ ഒരു റൺസെടുത്ത ഹുസൈൻ തലാതിനെ സഞ്ജുവിന്റെ കൈകളിലെത്തിച്ച് രണ്ടാം അക്സർ തന്റെ രണ്ടാം വിക്കറ്റും സ്വന്തമാക്കി ആറു റൺസെടുത്ത ഹാരിസ് റൗഫിനെ വിക്കറ്റിനു മുന്നിൽ കുരുക്കി ബുംറയും വിക്കറ്റ് വേട്ടയിൽ ഇടംപിടിച്ചു. പിന്നാലെ 6 റൺസെടുത്ത മുഹമ്മദ് നവാസിനെ റിങ്കു സിങ്ങിന്റെ കൈകളിലെത്തിച്ച് രണ്ടാം വിക്കറ്റും സ്വന്തമാക്കി.