തിരുവനന്തപുരം: കേരള സർവകലാശാലയിൽ അധ്യാപകൻ്റെ കയ്യിൽ നിന്ന് ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനെത്തുടർന്ന് വീണ്ടും പരീക്ഷയെഴുതാൻ വിദ്യാർഥികൾക്കു നിർദ്ദേശം. ഉത്തരക്കടലാസ് നഷ്ടപ്പെട്ട 71 വിദ്യാർഥികൾക്കാണ് വീണ്ടും പരീക്ഷയെഴുതാൻ സർവകലാശാല നിർദേശം നൽകിയത്. എംബിഎ കോഴ്സ് പൂർത്തിയാക്കിയവർക്കാണ് ഈ ദുരവസ്ഥ. മൂന്നാം സെമസ്റ്റർ പരീക്ഷയാണ് വീണ്ടും എഴുതേണ്ടത്. ഈ വിദ്യാർഥികൾ നാലാം സെമസ്റ്റർ പരീക്ഷയും എഴുതിയിരുന്നു. മാത്രമല്ല ഇതിൽ പല കുട്ടികളും വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ളവരാണ്. കൂടാതെ പരീക്ഷ കഴിഞ്ഞിട്ട് പത്തുമാസം കഴിയുകയും ചെയ്തു.
അടുത്തമാസം 7-ന് വീണ്ടും പരീക്ഷ എഴുതാൻ ഹാജരാകണമെന്ന ഇ-മെയിലാണ് വിദ്യാർഥികൾക്ക് കിട്ടിയത്. മൂന്നും നാലും സെമസ്റ്ററുകളുടെ ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിരുന്നില്ല. വരുന്ന വഴിയിൽ ഉത്തരക്കടലാസ് കാണാതായി എന്നാണ് അധ്യാപകൻ പറയുന്നത്. വിഷയം സിൻഡിക്കേറ്റ് പരിശോധിച്ചു. വീണ്ടും പരീക്ഷയെഴുതുക എന്നതല്ലാതെ വേറെ വഴിയില്ലെന്ന് പരീക്ഷാ കൺട്രോളറും പറയുന്നു.
2022-2024 ബാച്ച് വിദ്യാർഥികളുടെ മൂന്നാം സെമസ്റ്റർ ഉത്തരക്കടലാസുകളാണ് അധ്യാപകന്റെ പിടിപ്പുകേടു കാരണം നഷ്ടമായത്. മൂല്യനിർണയത്തിനായി കൊടുത്തയച്ച ഉത്തരക്കടലാസുകൾ അധ്യാപകൻറെ പക്കൽ നിന്നാണ് നഷ്ടപ്പെട്ടത്.
കഴിഞ്ഞ മെയ് 31നായിരുന്നു എംബിഎ പരീക്ഷ നടന്നത്. ബണ്ടിലുകളായി തിരിക്കുന്ന ഉത്തരക്കടലാസുകൾ സർവകലാശാലയിൽ നിന്ന് അധ്യാപകർക്ക് മൂല്യനിർണയത്തിലായി കൈമാറും. വീട്ടിൽ കൊണ്ടുപോയി മാർക്കിടാം. പാലക്കാട്ടെ ഒരു കോളേജിലെ അധ്യാപകന് ഇങ്ങനെ കൊടുത്തയച്ച 71 ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്. യാത്രയ്ക്കിടെയാണ് ഉത്തരക്കടലാസുകൾ നഷ്ടമായതെന്നാണ് അധ്യാപകൻ സർവകലാശാലയ്ക്ക് നൽകിയ വിശദീകരണം. നാലാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞിട്ടും ഫലം പ്രഖ്യാപനം നടത്താത്തിനാൽ വിദ്യാർഥികൾ സർവകലാശാലയെ ബന്ധപ്പെട്ടു. വിശദീകരണം തരാതെ സർവകലാശാല ഒഴിഞ്ഞുമാറിയെന്നും വിദ്യാർഥികൾക്ക് പരാതിയുണ്ട്. ഒടുവിൽ മൂന്നാം സെമസ്റ്ററിലെ ഈ പേപ്പറിൽ വീണ്ടും പരീക്ഷ എഴുതണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വിദ്യാർഥികൾക്ക് സർവകലാശാല മെയിൽ അയക്കുകയായിരുന്നു. അതേസമയം അധ്യാപകന് സംഭവിച്ച പിഴവിന് തങ്ങൾ എന്തിനാണ് വീണ്ടും പരീക്ഷ എഴുതുന്നതെന്നാണ് വിദ്യാർഥികളുടെ ചോദ്യം.