വാഷിങ്ടൺ: ന്യൂയോർക്ക് നഗരത്തിന്റെ പുതിയ മേയർ സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് സ്ഥാനാർഥി സൊഹ്‌റാൻ മംദാനി വിജയിച്ചതിന് തൊട്ടുപിന്നാലെ സാമൂഹികമാധ്യമമായ എക്‌സിൽ വൈറ്റ്ഹൗസ് പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. ‘ട്രംപ് ആണ് നിങ്ങളുടെ പ്രസിഡന്റ്’ എന്ന കുറിപ്പാണ് വൈറ്റ്ഹൗസ് പങ്കുവെച്ചിട്ടുള്ളത്.
അതേസമയം മംദാനിയെ തോൽപിക്കാൻ പല ശ്രമങ്ങളും ട്രംപ് നടത്തിയെങ്കിലും അവയെല്ലാം അമ്പേ പരാജയപ്പെടുകയായിരുന്നു. അതുപോലെ ഈ വിജയം ട്രംപിനേറ്റ കനത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് മംദാനിയുടെ വിജയത്തിന് തൊട്ടുപിന്നാലെ ഇത്തരത്തിലൊരു കുറിപ്പ് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചത്.
റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ കർടിസ് സ്‌ലിവ, സ്വതന്ത്രസ്ഥാനാർഥി ആൻഡ്രൂ ക്വോമോ എന്നിവരായിരുന്നു മംദാനിയുടെ എതിരാളികൾ. വിജയത്തിലൂടെ ന്യൂയോർക്ക് നഗരത്തിന്റെ മേയർസ്ഥാനത്തെത്തുന്ന ആദ്യ മുസ്‌ലിം മേയർ എന്ന നേട്ടംകൂടി മംദാനിക്ക് സ്വന്തമാകും. ഇന്ത്യൻ അമേരിക്കൻ ചലച്ചിത്ര സംവിധായിക മീരാ നായരുടെയും കൊളംബിയ സർവകലാശാലയിലെ അധ്യാപകനും ഇന്ത്യൻ വംശജനുമായ മഹ്‌മൂദ് മംദാനിയുടെയും മകനാണ് മുപ്പത്തിനാലുകാരനായ സൊഹ്‌റാൻ. കമ്യൂണിസ്റ്റായ മംദാനി മേയറായി തിരഞ്ഞെടുക്കപ്പെടുന്നപക്ഷം ന്യൂയോർക്കിന് നാമമാത്രമായ ഫെഡറൽ സഹായധനമേ നൽകൂവെന്ന് നേരത്തെ ഡൊണാൾഡ് ട്രംപ് തന്റെ സാമൂഹികമാധ്യമമായ എക്‌സിലൂടെ മുന്നറിയിപ്പും നൽകിയിരുന്നു.
അതുപോലെ തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷം സൊഹ്‌റാൻ മംദാനിക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ന്യൂയോർക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ടാൽ ഫെഡറൽ ഫണ്ടുകൾ വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ ഒരു കമ്മ്യൂണിസ്റ്റുക്കാരൻ മേയറായി വിജയിച്ചാൽ ന്യൂയോർക്ക് നഗരത്തിന് അത് വലിയ വിപത്താകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി, എന്നിരുന്നാലും അതുകൊണ്ടൊന്നും ആ വിജയത്തെ തടുക്കാനായില്ല. പ്രവചനങ്ങളെല്ലാം മംദാനിക്ക് അനുകൂലമായിരുന്നു.
കമ്യൂണിസ്റ്റ് ഭ്രാന്തനാണ് സൊഹ്‌റാൻ മംദാനി എന്ന വിമർശനവും ട്രംപ് പലതവണ ഉയർത്തിയിരുന്നു. മംദാനി കടുത്ത കമ്മ്യൂണിസ്റ്റാണെന്നും ന്യൂയോർക്കിനെ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നുമായിരുന്നു ട്രംപിൻ്റെ വിമർശനം. രാജ്യത്തെ മാർക്സിസ്റ്റ് ഭ്രാന്തൻമാർക്ക് അടിയറവെയ്ക്കാൻ വേണ്ടിയല്ല നമ്മുടെ മുൻതലമുറ രക്തം ചിന്തിയത്. ന്യൂയോർക്ക് നഗരം ഉൾപ്പെടെ അമേരിക്ക, ഒരിക്കലും ഒരു തരത്തിലും രൂപത്തിലും കമ്മ്യൂണിസ്റ്റ് ആകാൻ പോകുന്നില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് എന്ന നിലയിൽ പ്രഖ്യാപിക്കുന്നു എന്നും ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു.അമേരിക്ക ഒരിക്കലും കമ്മ്യൂണിസ്റ്റ് രാജ്യമാകാൻ പോകുന്നില്ല. പ്രസിഡന്റ് എന്ന നിലയിൽ ഞാൻ അത് അനുവദിക്കുകയുമില്ല. എന്നെ സംബന്ധിച്ച് അമേരിക്ക എന്നാൽ അതിൽ ന്യൂയോർക്ക് നഗരവും ഉൾപ്പെടുന്നതാണെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
എന്നാൽ പ്രധാന വിഷയങ്ങളിൽ മംദാനി എടുത്തിട്ടുള്ള നിലപാടുകൾ ശ്രദ്ധേയമാണ്. ഗുജറാത്ത് മുതൽ ഗാസ വരെ ഇടതുപക്ഷ ആശയത്തിൽ ഉറച്ചുനിന്നുകൊണ്ടാണ് മംദാനി തന്റെ നിലപാടുകൾ വ്യക്തമാക്കിയിട്ടുള്ളത്. അന്താരാഷ്ട്ര മനുഷ്യാവകാശം, സാമ്രാജ്യത്വ വിരുദ്ധത, സാമ്പത്തിക പുനർവിതരണം, കുടിയേറ്റക്കാരുടെയും തൊഴിലാളിവർഗ്ഗത്തിന്റെയും പുനരധിവാസം, LGBTQ+ അവകാശങ്ങൾ, ഇസ്രായേൽ-പലസ്തീൻ സംഘർഷം, ഇന്ത്യയിലെ തീവ്രഹിന്ദുത്വ ദേശീയത, ആഗോള കുടിയേറ്റം, അന്തർദേശീയ നീതി, കാലാവസ്ഥാ സമത്വം തുടങ്ങിയവയിൽ പലപ്പോഴായി മംദാനി നിലപാടുകൾ അറിയിക്കുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്തിട്ടുണ്ട്. ന്യൂയോർക്ക് നഗരത്തിൽ വാടക നിയന്ത്രണം, സൗജന്യ ശിശു സംരക്ഷണം തുടങ്ങി നിരവധി ആശയങ്ങളാണ് മംദാനി മുന്നോട്ടുവെച്ചത്.
— The White House (@WhiteHouse) November 5, 2025


















































