കൊച്ചി: കത്തുവിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടി സെക്രട്ടറി മറുപടി പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി എം.ബി. രാജേഷ്. ഇങ്ങനെയൊരു കത്ത് കഴിഞ്ഞ നാലുകൊല്ലമായി വാട്‌സ്ആപ്പിൽ കറങ്ങി നടക്കുന്നുണ്ടെന്നും ആളുകളെ അപമാനിക്കാൻ പലതും വിളിച്ചുപറയുകയാണെന്നും മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിന് അഞ്ചാറുമാസം അല്ലേയുള്ളൂ, ചവറ്റുകൊട്ടയിൽ എറിഞ്ഞ കത്തൊക്കെ ഇനി പൊങ്ങിവരുമെന്നും മന്ത്രി.
സിപിഎം പൊളിറ്റ് ബ്യൂറോയ്ക്ക് വ്യവസായി നൽകിയ രഹസ്യപരാതിയിൽ എംബി രാജേഷിന്റെ പേരും ഉൾപ്പെടുന്നതായുള്ള വാർത്ത സംബന്ധിച്ച ചോദ്യത്തോട് കൊച്ചിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കത്തുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾക്ക് പാർട്ടി സെക്രട്ടറി മറുപടി പറഞ്ഞിരുന്നല്ലോ. ഈ കത്ത് നാലുകൊല്ലമായി വാട്‌സ്ആപ്പിൽ കറങ്ങിനടക്കുകയാണ്. ചവറ്റുകൊട്ടയിൽ എറിഞ്ഞ കത്തൊക്കെ ഇനി പൊങ്ങിവരും, തിരഞ്ഞെടുപ്പിന് അഞ്ചാറുമാസം അല്ലേയുള്ളൂ. ഇമ്മാതിരിയുള്ള തോന്നിവാസങ്ങൾ ഒക്കെ വിളിച്ചുപറയുന്നതിനെ വാർത്തയാക്കിയിട്ട് ആഘോഷിക്കുന്നത് പരിതാപകരമാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് എന്റെ ഭാര്യയുടെ നിയമനമായിരുന്നു ഏറ്റവും വലിയ വാർത്ത. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അത് ആവി ആയിപ്പോയോ?, രാജേഷ് പരിഹസിച്ചു. ആളുകളെ അപമാനിക്കാൻ വേണ്ടി ആരെങ്കിലും എന്ത് വിളിച്ചുപറഞ്ഞാലും അത് ആഘോഷമാക്കിയിട്ട് മാറ്റുകയാണ്. പണ്ടൊക്കെ ഇത് കേൾക്കുമ്പോൾ വലിയ വിഷമമൊക്കെ ആയിരുന്നു, ഇപ്പോൾ പുല്ലുവിലയാണ് അതിന് കൽപിക്കുന്നതെന്നും രാജേഷ് പറഞ്ഞു.
അതേസമയം രാജേഷ് കൃഷ്ണയെ അറിയാമോ എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ എംബി.രാജേഷ് തയ്യാറായില്ല. ആ ചോദ്യത്തിന്റെ അർത്ഥം മനസിലായി. തൽക്കാലം അതിനൊരു വാർത്തയ്ക്ക് തലക്കെട്ട് ഉണ്ടാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. വ്യക്തത വരുത്തേണ്ട കാര്യമൊന്നും ഇതിനകത്തില്ല. ഞാൻ ഇവിടെ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
യുകെ വ്യവസായിയും സിപിഎം അംഗവുമായ രാജേഷ് കൃഷ്ണയ്‌ക്കെതിരായി ചെന്നൈയിലെ വ്യവസായി മുഹമ്മദ് ഷർഷാദ് പിബിയ്ക്ക് നൽകിയ കത്ത് പുറത്തുവന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. കത്തിൽ പരാമർശിക്കുന്ന മൂന്നു നേതാക്കളിൽ ഒരാൾ എംബി രാജേഷ് ആണെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു എംബി രാജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്.