തിരുവനന്തപുരം: ദേശീയപാത ഉദ്ഘാടന ചടങ്ങിൽനിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിതിനെതിരെ മന്ത്രി എം.ബി. രാജേഷ്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ബി.ജെ.പി രാഷ്ട്രീയ പ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
സ്വന്തം മണ്ഡലത്തിൽ മറ്റ് ഔദ്യോഗിക പരിപാടികൾ ഉള്ളപ്പോൾ ഇത്തരം അസംബന്ധങ്ങൾക്ക് നിന്നുകൊടുക്കില്ലെന്നും പോകില്ലെന്ന് ഇന്നലെതന്നെ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുൻപ് തിരുവനന്തപുരത്ത് പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ പ്രത്യേക വി.ഐ.പി പാസുമായി എത്തിയ തന്നോട് എസ്.പി.ജി ഉദ്യോഗസ്ഥർ ആധാർ കാർഡ് ആവശ്യപ്പെട്ടിരുന്നു. അത് തന്നെ അപമാനിക്കുന്നതിന് തുല്യമായിരുന്നു.
തുടർന്ന് താൻ പരിപാടി ബഹിഷ്കരിക്കുമെന്ന് അറിയിക്കുകയും സംസ്ഥാന പ്രോട്ടോക്കോൾ ഉദ്യോഗസ്ഥർ ഇടപെടുകയും ചെയ്തതോടെയാണ് എസ്.പി.ജി ഉദ്യോഗസ്ഥർ പിൻവാങ്ങിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഭൂമിവിലയുടെ നാലിലൊന്ന്, അതായത് 5580 കോടി രൂപ കേരളം നൽകിയതുകൊണ്ടാണ് ദേശീയപാത യാഥാർഥ്യമായതെന്ന് അദ്ദേഹം പറഞ്ഞു.















































