വാളയാർ: വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനമേറ്റ് മരിച്ച അതിഥിത്തൊഴിലാളി നേരിട്ടത് കൊടും ക്രൂരത. മോഷ്ടാവാണെന്നു സംശയിച്ചാണ് അതിഥിത്തൊഴിലാളിയായ യുവാവിനെ ആൾക്കൂട്ടം വളഞ്ഞ് ചോദ്യം ചെയ്യൽ എന്ന പേരിൽ തല്ലിച്ചതച്ചത്. സംഭവത്തിൽ ഛത്തീസ്ഗഡ് ബിലാസ്പുർ സ്വദേശി രാമനാരായൺ ഭയ്യാർ (31) ആണു ക്രൂര മർദനമേറ്റ് മരിച്ചത്.
അട്ടപ്പള്ളത്തു ബുധനാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. രാമനാരായൺ മദ്യപിച്ചിരുന്നു. എന്നാൽ, കയ്യിൽ മോഷണവസ്തുക്കളൊന്നും ഇല്ലായിരുന്നു. പക്ഷെ മോഷണമാരോപിച്ച് മർദിക്കുകയായിരുന്നു. നാട്ടുകാരുടെ മർദനമേറ്റ രാമനാരായൺ ഭയ്യാർ ചോരതുപ്പി നിലത്തുവീണു. സംഭവത്തിൽ നാട്ടുകാരായ 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തതിൽ 5 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. രാമനാരായണിന്റെ ശരീരത്തിൽ അടിയേറ്റ പാടുകളുണ്ടെന്നും മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായാലേ വ്യക്തതമാകൂവെന്നും വാളയാർ ഇൻസ്പെക്ടർ എൻ.എസ്. രാജീവ് പറഞ്ഞു.
അതേസമയം 2018ൽ പാലക്കാട് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ മോഷണം ആരോപിച്ച് ആൾക്കൂട്ട വിചാരണ നടത്തി മർദിച്ച് കൊലപ്പെടുത്തിയത് കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള മധുവിനെ കെട്ടിയിട്ട് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആ കേസിലെ 14 പ്രതികളിൽ 13 പേർക്കും ഏഴുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷയും വിധിച്ചിരുന്നു.


















































