ടെഹ്‌റാൻ: ഇറാനിയൻ യുദ്ധകപ്പലായ ഐറിസ് ദേന അന്തർവാഹിനി ഉപയോഗിച്ച് മുക്കിയ അമേരിക്കയോടുള്ള പ്രതികാര നടപടികൾ ശക്തമാക്കുമെന്ന് ഇറാൻ നാവികസേന മേധാവി ഷഹ്റാം ഇറാനി. അമേരിക്കയുടെ യുഎസ്എസ് എബ്രാഹം ലിങ്കൺ വിമാനവാഹിനി കപ്പൽ ഇറാന്റെ മിസൈൽ പരിധിയിൽ പ്രവേശിക്കുന്ന മുറയ്ക്ക് തീരദേശ മിസൈലുകൾ ഉപയോഗിച്ച് ആക്രമിക്കുമെന്ന് ഇറാൻ നാവികസേനയുടെ മുന്നറിയിപ്പ് . ഇറാന്റെ സർക്കാർ ടിവിയായ പ്രസ് ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നിലവിൽ പശ്ചിമേഷ്യൻ മേഖലയിൽ വിന്യസിച്ചിരിക്കുന്ന യുഎസ്എസ് എബ്രാഹം ലിങ്കണിന്റെ നീക്കങ്ങൾ തത്സമയം നിരീക്ഷിച്ചുവരികയാണ്. കപ്പൽ ഇറാന്റെ മിസൈൽ പരിധിയിൽ എത്തുന്ന മുറയ്ക്ക് അതിനെ തങ്ങൾ ലക്ഷ്യമിടുമെന്നും അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്കിന്റെ കിഴക്കൻ ഭാഗവും ഒമാൻ കടൽ മേഖലയുമെല്ലാം ഇറാന്റെ നിയന്ത്രണത്തിലാണെന്നും ഇറാൻ നാവികസേന മേധാവി അവകാശപ്പെട്ടു.
ഇറാന്റെ ഐറിസ് ദേന പടക്കപ്പൽ ഇക്കഴിഞ്ഞ മാർച്ച് 4-ന് ശ്രീലങ്കയുടെ തെക്കൻ കടൽപ്രദേശത്ത് അമേരിക്കൻ സബ്‌മറൈൻ ആക്രമണത്തിൽ മുങ്ങി. ഗാലെയിൽ നിന്ന് ഏകദേശം 20 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. കപ്പലിലുണ്ടായിരുന്ന 180ഓളം സേനാംഗങ്ങളിൽ 80ലധികം പേർ കൊല്ലപ്പെടുകയും, രക്ഷപ്പെട്ടവരെ ശ്രീലങ്കൻ നാവികസേന ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു.
അതേസമയം, ഇറാൻ പാർലമെന്റ് സ്പീക്കർ മൊഹമ്മദ് ബാഘർ ഘലിബാഫ് അമേരിക്ക രഹസ്യമായി കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ആരോപിച്ചു. സൗഹൃദ സന്ദേശങ്ങൾ പരസ്യമായി അയയ്ക്കുന്നതിനൊപ്പം, മറുവശത്ത് കരയുദ്ധം ആസൂത്രണം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഗൾഫ് രാജ്യങ്ങൾ അമേരിക്കയ്ക്ക് പിന്തുണ നൽകുന്ന പക്ഷം കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഘലിബാഫ് മുന്നറിയിപ്പ് നൽകി.
ഇതിനിടെ, ഇറാനിൽ പരിമിതമായ കരസൈനിക നടപടികൾക്കായി പെന്റഗൺ തയ്യാറെടുക്കുന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്ക് സമീപ പ്രദേശങ്ങളും ഖാർഗ് ദ്വീപും ലക്ഷ്യമാക്കി പ്രത്യേക സൈനിക റെയ്ഡുകൾ ഉൾപ്പെടെയുള്ള നീക്കങ്ങൾ പരിഗണിക്കുന്നതായുമാണ് വിവരങ്ങൾ.


















































