മുംബൈ: ഐപിഎല്ലിൽ പ്ലേ ഓഫിനായുള്ള നിർണായക മത്സരത്തിൽ ഡൽഹിക്കെതിരേ 181 റൺസ് വിജയലക്ഷ്യമുയർത്തി മുംബൈ. ആദ്യം ബാറ്റു ചെയ്ത മുംബൈ നിശ്ചിത 20-ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണത് ഹാർദിക്കിനും സംഘത്തിനും വൻ തിരിച്ചടിയായി. പവർ പ്ലേയിൽ ഭേദപ്പെട്ട സ്‌കോർ കുറിച്ചെങ്കിലും പിന്നീട് വിക്കറ്റുകൾ കൃത്യമായി ഡൽഹി പിഴുതോണ്ടിരുന്നു. എന്നാൽ അവസാനഓവറുകളിൽ വെടിക്കെട്ടോടെ സൂര്യകുമാർ യാദവും നമാൻ ധിറും കളിക്കളത്തിൽ അഴിഞ്ഞാടിയതോടെ രണ്ടോവറിൽ മുംബൈ അടിച്ചുകൂട്ടിയത് 48 റൺസ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്കായി ഓപ്പണർ റയാൻ റിക്കെൽട്ടൺ വെടിക്കെട്ടോടെയാണ് തുടങ്ങിയത്. എന്നാൽ രോഹിത് ശർമ വീണ്ടും നിരാശപ്പെടുത്തി. അഞ്ച് റൺസ് മാത്രമെടുത്ത് താരം പുറത്തായി. മൂന്നാമനായി ഇറങ്ങിയ വിൽ ജാക്ക്‌സും മുംബൈ സ്‌കോറുയർത്തി. 13 പന്തിൽ നിന്ന് 21 റൺസെടുത്ത് വിൽ ജാക്ക്‌സ് കൂടാരം കയറിയതോടെ മുംബൈ 48-2 എന്ന നിലയിലായി. പിന്നാലെ റിക്കെൽട്ടണും മടങ്ങി. 18 പന്തിൽ നിന്ന് 25 റൺസാണ് താരത്തിന്റെ സമ്പാദ്യം.
അതേസമയം നാലാം വിക്കറ്റിൽ ഒന്നിച്ച സൂര്യകുമാർ യാദവും തിലക് വർമയുമാണ് പിന്നീട് മുബൈയെ കരകയറ്റിയത്. ഇരുവരും പതിയെ സ്‌കോറുയർത്തി. പത്തോവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 80 റൺസാണ് മുംബൈയെടുത്തത്. സ്‌കോർ 113 ൽ നിൽക്കേ തിലക് വർമയെ(27) മുകേഷ് കുമാർ പുറത്താക്കി. പിന്നാലെ നായകൻ ഹാർദിക് പാണ്ഡ്യയും കാര്യമായി സംഭാവനകൾ ഒന്നും നൽകാതെ (3) മടങ്ങി.
പിന്നാലെ സൂര്യകുമാർ യാദവും നമാൻ ധിറുമാണ് സ്‌കോർ ഉയർത്തിയത്. 18 ഓവറിൽ 132-5 എന്ന നിലയിലായിരുന്നു മുംബൈ. എന്നാൽ അവസാന രണ്ട് ഓവറുകളിൽ മുംബൈ 48 റൺസാണ് അടിച്ചെടുത്തത്. 19-ാം ഓവറിൽ 27 റൺസും അവസാന ഓവറിൽ 21 റൺസും സൂര്യയും നമാനും ചേർന്നെടുത്തു. അതോടെ നിശ്ചിത 20 ഓവറിൽ മുംബൈ 180-ലെത്തി. സൂര്യകുമാർ 43 പന്തിൽ നിന്ന് ഏഴ് ഫോറുകളുടെയും നാല് സിക്‌സറുകളുടെയും അകമ്പടിയോടെ 73 റൺസെടുത്തു. നമാൻ ധിർ എട്ട് പന്തിൽ നിന്ന് 24 റൺസെടുത്തു.
അതേസമയം പനി കാരണം അക്ഷർ പട്ടേൽ ഡൽഹിക്കായി കളിക്കുന്നില്ല. പകരം ഫാഫ് ഡുപ്ലെസിസാണ് ടീമിനെ നയിക്കുന്നത്. 12 കളിയിൽനിന്ന് മുംബൈക്ക് 14 പോയിന്റും ഡൽഹിക്ക് 13 പോയിന്റുമാണുള്ളത്. ജയിച്ചാൽ മുംബൈക്ക് പ്ലേ ഓഫ് ബർത്ത് ഉറപ്പാകും. തോറ്റാൽ അടുത്ത മത്സരത്തിൽ ജയം നേടുകയും ഡൽഹി അവസാനമത്സരത്തിൽ തോൽക്കുകയും വേണം. അതേസമയം ഡൽഹിക്കു ഇനിയുള്ള രണ്ടുമത്സരങ്ങളിലും ജയിച്ചാലേ യോഗ്യത ഉറപ്പാക്കാനാവു.