തിരുവനന്തപുരം: മലയാളികള്‍ക്ക് ഏറെ പ്രയപ്പെട്ട താരമാണ് മേഘ്‌ന രാജ്. വിനയൻ സംവിധാനം ചെയ്ത ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിലൂടെയാണ് അവര്‍ മലയാള സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. ബെണ്‍ഡു അപ്പാരൊ ആര്‍.എം.പി’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മേഘന രാജ് വെള്ളിത്തിരയിലെത്തുന്നത്. ‘ഉയര്‍തിരു 420’ എന്ന ചിത്രത്തിലൂടെ തമിഴകത്തുമെത്തി മേഘന രാജ് . മലയാളത്തിൽ ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലെ മേഘ്‌നയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു.
മേഘ്ന രാജിന്റെ ഭര്‍ത്താവും നടനുമായ ചിരഞ്‍ജീവി സര്‍ജയുടെ അകാല വിയോഗം ചലച്ചിത്രലോകത്തെയാകെ സങ്കടത്തിലാക്കിയിരുന്നു. 2020 ജൂണ്‍ ഏഴിന് ആയിരുന്നു ചിരഞ്‍ജീവി സര്‍ജയുടെ മരണം.
ഇപ്പോഴിതാ തന്റെ ഗർഭകാലത്തെ കുറിച്ചും, മകനെ കുറിച്ചും മേഘ്ന പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ഗര്‍ഭിണിയായെന്ന് അറിയുന്നതോടെ മനസിലാകെ സ്വപ്‌നങ്ങളായിരിക്കുമെന്നും, എങ്ങനെയായിരിക്കും ഇനിയുള്ള ജീവിതമെന്നും മേഘന രാജ് പറയുന്നു. “ആദ്യത്തെ മൂന്ന് മാസം ആരോടും പറയാതെ വച്ച് പിന്നീട് എല്ലാവരോടും പറയാമെന്നൊക്കെ ചിന്തിച്ചിരുന്നു.സുഹൃത്തുക്കളോടും ആരാധകരോടും പറയുന്നതിനെക്കുറിച്ചൊക്കെ സ്വപ്‌നം കണ്ടു.
പക്ഷെ പെട്ടെന്നാണ് എന്റെ ഗര്‍ഭകാലം എന്നത് സര്‍വൈവല്‍ ആയി മാറുന്നത്. എന്റെ കുഞ്ഞിനെ ആരോഗ്യത്തോടേയും സന്തോഷത്തോടേയും ഈ ഭൂമിയിലേക്ക് കൊണ്ടു വരണം.” മേഘന രാജ് പറയുന്നു. “ഒരു ദിവസം വൈകുന്നേരം മുഴുവന്‍ മുറിയിരുന്ന് കരയുകയായിരുന്നു. അപ്പോഴും ഉള്ളിലെ കുഞ്ഞിനോട് എങ്ങനെയാണ് സന്തോഷമായിരിക്കേണ്ടത് എന്ന് പറഞ്ഞു കൊടുക്കുകയായിരുന്നു ഞാന്‍.
അവന് ജനിക്കുന്നത് വരെ ഇങ്ങനെ ചെയ്തിട്ടുണ്ട്. ഇന്ന് വരെ, എന്റെ മകനില്ലായിരുന്നുവെങ്കില്‍ ഞാനുണ്ടാകില്ലായിരുന്നു എന്നാണ് തോന്നുന്നത്. അവന്‍ വന്നതിന് ഒരു കാരണമുണ്ടായിരുന്നു. സന്തോഷമേ ഉണ്ടായിരുന്നില്ല ആ കാലത്ത്. വേദന മാത്രമായിരുന്നു. പൊതുജന മധ്യത്തില്‍ ചിരിക്കാന്‍ പോലും എനിക്ക് ഭയമായിരുന്നു. കുഞ്ഞ് ജനിക്കുന്നത് വരെ അവന് ജന്മം നല്‍കണമെന്നത് മാത്രമായിരുന്നു ജീവിച്ചിരിക്കാന്‍ എനിക്കു മുന്നിലുണ്ടായിരുന്ന ഏക കാരണം. മനസില്‍ അത് മാത്രമായിരുന്നു. അവന്‍ ജനിച്ചതോടെ എന്റെ ജീവിതം പല തരത്തില്‍ മാറി. സങ്കടവും സന്തോഷവും ഒരുമിച്ച് അനുഭവിച്ച നിമിഷമായിരുന്നു. പിന്നീട് എനിക്കും മകനും വേണ്ടി സന്തോഷത്തോടെ ജീവിക്കണമെന്ന് തീരുമാനിച്ചു.” മേഘന രാജ് കൂട്ടിച്ചേർത്തു.
















































