കോട്ടയം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയെ മരണത്തിലെത്തിച്ചത് എടപ്പാൾ സ്വദേശിയും ഐബി ഉദ്യോഗസ്ഥനുമായ സുകാന്ത് സുരേഷുമായുള്ള സൗഹൃദമാണെന്ന ആരോപണം ഉറപ്പിച്ച് മേഘയുടെ കുടുംബം. അവളുടെ മരണ ശേഷം വീട്ടിലെത്തിയ സഹപ്രവർത്തകർ പറയുമ്പോഴാണ് പലപ്പോഴും ഭക്ഷണം കഴിക്കാൻ പോലും മകളുടെ കയ്യിൽ പണമില്ലായിരുന്നുവെന്ന് അറിയുന്നതെന്ന് പിതാവ് മധുസൂദനൻ.
പലപ്പോഴും കൂട്ടുകാർ ഒപ്പം ഭക്ഷണം കഴിക്കാൻ വിളിക്കുമ്പോഴും പിറന്നാളിന് മധുരം വാങ്ങി നൽകണമെന്ന് പറയുമ്പോഴുമെല്ലാം തന്റെ കയ്യിൽ പണമില്ലെന്നും അതിനാൽ വരാൻ കഴിയില്ലെന്നും മേഘ പറഞ്ഞിരുന്നെന്ന് സഹപ്രവർത്തകരിൽ നിന്നാണ് അറിഞ്ഞത്. ശമ്പളം കിട്ടിയ പണം എവിടെയെന്ന് അവർ ചോദിക്കുമ്പോൾ, വീട്ടിൽ ചില ആവശ്യങ്ങൾക്കു നൽകി എന്നായിരുന്നു അവളുടെ മറുപടി. അക്കാര്യങ്ങളൊക്കെ ഇപ്പോഴാണ് അറിയുന്നത്. ഐബി ഉദ്യോഗസ്ഥർ ആയതിനാൽ മകളുടെ സഹപ്രവർത്തകരുമായി പരിചയം ഇല്ലായിരുന്നെന്നും അതിനാൽ ഇത്തരം വിവരങ്ങൾ അറിയാൻ കഴിഞ്ഞിരുന്നില്ലെന്നും മധുസൂദനൻ പറഞ്ഞു.
ഇതോടെ മകളുടെ മരണ ശേഷം മകളുടെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ പരിശോധിച്ചതിൽനിന്ന്, ട്രെയിനിങ് പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ച 2024 മേയ് മുതലുള്ള ശമ്പളത്തിന്റെ ഒരു ഭാഗം പതിവായി സുകാന്തിന്റെ അക്കൗണ്ടിലേക്കു മാറ്റിയിരുന്നു എന്നറിഞ്ഞത്. ആദ്യ കാലങ്ങളിൽ കൊടുത്തിരുന്ന പണം പലപ്പോഴായി തിരികെ മകളുടെ അക്കൗണ്ടിലേക്ക് വന്നിട്ടുള്ളതിന് രേഖയുണ്ടെങ്കിലും പിന്നീട് പണം അങ്ങോട്ടു മാത്രമാണ് പോയിട്ടുള്ളതെന്നും മധുസൂദനൻ പറയുന്നു. അതേസമയം സുകാന്തും മേഘയുമായുള്ള ബന്ധം നേരത്തേ വീട്ടിൽ അറിയാമായിരുന്നെന്ന് മധുസൂദനൻ പറഞ്ഞു.
രാജസ്ഥാനിൽ പരിശീലനത്തിനിടയിലാണ് ഇരുവരും പരിചയപ്പെട്ടത്. അടുപ്പത്തെപ്പറ്റി അറിഞ്ഞപ്പോൾ വിവാഹം ആലോചിക്കാൻ വീട്ടിലേക്കു വരാൻ ഞങ്ങൾ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വിവാഹത്തിനു പറ്റില്ലെന്ന് അയാൾ മേഘയോടു പറഞ്ഞു. പിതാവിന്റെ ചികിത്സ അടക്കമുള്ള പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. പക്ഷെ സുകാന്ത് സാമ്പത്തികമായി ചൂഷണം ചെയ്തെന്ന വിവരം മകൾ വീട്ടിൽ പറഞ്ഞിട്ടില്ല. മകളുടെ മരണശേഷം ലഭിച്ച ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ടു ലഭ്യമായ വിവരങ്ങളെല്ലാം പോലീസിന് കൈമാറിയിട്ടുണ്ടെന്നും തങ്ങളുടെ പരാതി മൊഴിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മേഘയുടെ പിതാവ് പറഞ്ഞു.
അതേസമയം മകൾ ജോലിക്കു പ്രവേശിച്ച ശേഷം അവളുടെ ശമ്പളവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും വീട്ടിൽ ചോദിച്ചിട്ടില്ലെന്നും നാട്ടിൽ വരുമ്പോഴും ജോലിസ്ഥലത്ത് കാണാൻ പോകുമ്പോഴുമെല്ലാം മേഘ ആവശ്യപ്പെടുന്നതിനനുസരിച്ചും അല്ലാതെയും വേണ്ട സാധനങ്ങൾ തങ്ങൾ തന്നെയാണ് വാങ്ങി നൽകിയിരുന്നതെന്നും പിതാവ് പറഞ്ഞു. അസുഖങ്ങളും മറ്റും വരുമ്പോൾ ആശുപത്രിയിൽ കൊണ്ടുപോയിരുന്നതും ബില്ലും മറ്റു ചെലവുകളും നോക്കിയിരുന്നതും ഞങ്ങൾ തന്നെയായിരുന്നു. മകൾക്കു ലഭിക്കുന്ന ശമ്പളം അവൾക്കാവശ്യമായ സാധനങ്ങൾ വാങ്ങാനോ എന്തെങ്കിലും തരത്തിലുള്ള സമ്പാദ്യത്തിനോ ആയി മാറ്റിവയ്ക്കുകയായിരുന്നെന്നാണ് ഞങ്ങൾ കരുതിയിരുന്നത്. പക്ഷെ തിരുവനന്തപുരത്ത് താമസിച്ചിരുന്ന ഹോസ്റ്റലിന്റെ ഫീസും ഭക്ഷണത്തിന്റെ ചെലവുകളും മകൾ തന്നെയായിരുന്നു നോക്കിയിരുന്നത്.
രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും മകൾ വീട്ടിലേക്കു വരികയോ ഞങ്ങൾ അവിടെ പോയി മകളെ കാണുകയോ ചെയ്യുമായിരുന്നു. എന്നാൽ ഇതിനിടയിൽ മേഘ പലപ്പോഴും സുകാന്തിനെ കാണാൻ എറണാകുളത്തും ചെന്നൈയിലുമെല്ലാം പോയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് ഡീറ്റയിൽസ് പരിശോധിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ അറിയാൻ കഴിഞ്ഞത്. ഐആർസിടിഎസ് വഴി എറണാകുളത്തിനു ട്രെയിൻ ടിക്കറ്റും ചെന്നൈയിലേക്ക് വിമാന ടിക്കറ്റുകളുമെല്ലാം ബുക്ക് ചെയ്തിരിക്കുന്നതിന്റെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അവിടങ്ങളിലുള്ള കടകളിലും മറ്റും മകളുടെ പണം ഉപയോഗിച്ച് ഷോപ്പിങ് നടത്തിയതിന്റെ വിവരങ്ങളും ബാങ്ക് സ്റ്റേറ്റ്മെന്റിൽ വ്യക്തമാണ്.
സുശാന്തിനെ കാണാൻ പോകുമ്പോഴെല്ലാം നാട്ടിൽ പോകുന്നു എന്നാണ് മേഘ ഹോസ്റ്റലിൽ പറഞ്ഞിരുന്നത്. ഈ വിവരങ്ങളെല്ലാം ഞങ്ങൾ അറിഞ്ഞത് മകളുടെ മരണ ശേഷം മാത്രമാണ്. കഴിഞ്ഞ ഫെബ്രുവരി 28നും മകളുടെ അക്കൗണ്ടിൽനിന്ന് സുകാന്തിന്റെ അക്കൗണ്ടിലേക്ക് പണം പോയിട്ടുണ്ട്. മരണ സമയത്ത് അവളുടെ അക്കൗണ്ടിൽ മിച്ചമുണ്ടായിരുന്നത് 861 രൂപ മാത്രമാണ്. സുകാന്തിന്റെയും കുടുംബാംഗങ്ങളുടെയും ഫോണുകൾ ഓഫാണെന്നും അവരെപ്പറ്റി വിവരങ്ങൾ ലഭ്യമല്ലെന്നുമാണ് വിവരമെന്നും മധുസൂദനൻ പറഞ്ഞു.
ഈഞ്ചയ്ക്കൽ പരക്കുടിയിൽ വാടകയ്ക്കു താമസിക്കുന്ന പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകൻ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്റെയും ഏകമകൾ മേഘയെ മാർച്ച് 24നാണ് പേട്ട റെയിൽവേ മേൽപാലത്തിനു സമീപത്തെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ മേഘ യൂണിഫോമിൽ നേരെ ഇവിടെയെത്തിയെന്നാണു നിഗമനം. ഫോണിൽ സംസാരിച്ചുകൊണ്ടു വരികയായിരുന്ന യുവതി ട്രെയിനിനു മുന്നിലേക്കു ചാടുന്നത് ലോക്കോ പൈലറ്റ് കണ്ടതായി പേട്ടയിലെ സ്റ്റേഷൻ മാസ്റ്റർ പോലീസിനെ അറിയിക്കുകയായിരുന്നു. ഒരു വർഷം മുൻപാണ് എമിഗ്രേഷൻ വിഭാഗത്തിലെ സെക്യൂരിറ്റി അസിസ്റ്റന്റായി മേഘ ജോലിയിൽ പ്രവേശിച്ചത്. സംഭവത്തിൽ പേട്ട പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.