മറ്റത്തൂർ വിവാദം നിലയ്ക്കുന്നില്ല. അവസാനമായി പുതിയ കഥകളും കഥാപാത്രങ്ങളുമായി സിപിഎം മാധ്യമങ്ങളിലേക്ക് ഇറങ്ങിയതും അടപടലം പൊളിയുന്ന കാഴ്ചയാണ് കഴിഞ്ഞദിവസം രാഷ്ട്രീയ കേരളം കണ്ടത്. മറ്റത്തൂരിൽ കോൺഗ്രസ് അംഗങ്ങളുടെ രാജിയിലേക്ക് നയിച്ച വിഷയം യഥാർത്ഥത്തിൽ അവർ പ്രസിഡന്റ് സ്ഥാനാർത്ഥിയായി തീരുമാനിച്ചിരുന്ന കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച അവരുടെ തന്നെ മുൻ പ്രതിപക്ഷ നേതാവായിരുന്ന ഔസേഫിന്റെ കാലുമാറ്റത്തോടെയായിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പായി കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കേണ്ട ഔസേഫ് സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇത്രയധികം വിവാദങ്ങൾ ഉണ്ടായപ്പോഴും അതിന്റെ കാരണഭൂതനായ ഔസേഫ് മാധ്യമങ്ങളിൽ നിന്നും മാറി നിൽക്കുകയായിരുന്നു. സംഭവങ്ങൾ നടന്ന് ദിവസങ്ങൾക്കു ശേഷമാണ് ഔസേഫ് ഒരു പുതിയ കഥയുമായി രംഗത്തെത്തിയത്.
ഡിസംബർ 23 ന് കോൺഗ്രസ് പ്രവർത്തകർ തന്നെ വന്ന് കണ്ടിരുന്നുവെന്നും യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കണമെന്നും ബിജെപി പിന്തുണയ്ക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞതായി ഔസേഫ് പറയുന്നു. എന്നാൽ വർഗീയ കക്ഷികളുമായി ചേർന്ന് ഭരണത്തിലേറാൻ താൽപര്യം ഇല്ലാത്തതിനാൽ താൻ എൽഡിഎഫിനോടൊപ്പം ചേരുകയായിരുന്നു എന്നതാണ് ഔസേഫ് ഈ സംഭവവുമായി ബന്ധപ്പെട്ട് വിശദീകരിച്ചത്.
എന്നാൽ റിപ്പോർട്ടർ ചാനലിൽ നടന്ന ഡിബേറ്റിൽ മറ്റത്തൂർ വിഷയം ചർച്ച ചെയ്തപ്പോൾ അതിഥിയായി ഔസേഫും വന്നിരുന്നു. ഔസേഫിനൊപ്പം സിപിഎമ്മിൽ നിന്നും വസീഫും കോൺഗ്രസിൽ നിന്നും അബിൻ വർക്കിയും മറ്റത്തൂർ പഞ്ചായത്തിലെ ബിജെപി അംഗം അതുൽ കൃഷ്ണയും ചർച്ചയിൽ പങ്കെടുക്കാനുണ്ടായിരുന്നു.
ചർച്ചയിൽ ഔസേഫ് പകൽ മുഴുവൻ നടന്നു പറഞ്ഞ അതേ കഥ ആവർത്തിച്ചു. എന്നാൽ അബിൻ വർക്കി വന്നത് ഔസേഫിന്റെ വാദങ്ങളെ പൊളിക്കാനുള്ള രേഖകളുമായിട്ടായിരുന്നു. ഡിസംബർ 23 ന് കോൺഗ്രസ് വച്ചു നീട്ടിയ പ്രസിഡന്റ് സ്ഥാനം ബിജെപിയുടെ പിന്തുണയുള്ളതുകൊണ്ട് വേണ്ടെന്നു വച്ച് ഇടതു മുന്നണിയുമായി സഹകരിക്കാൻ തീരുമാനിച്ച ഔസേഫ് ഡിസംബർ 26 ന് മറ്റത്തൂരിലെ കോൺഗ്രസ് വാർഡ് കമ്മിറ്റിയോഗത്തിൽ പങ്കെടുത്തുവെന്നതിന്റെ മിനിറ്റ്സ് വച്ചുകൊണ്ട് അബിൻ തെളിയിക്കുകയായിരുന്നു. അതോടെ ഔസേഫ് വെട്ടിലായി. കുറച്ചു നേരം ബഹളം വച്ച് വിഷയം മാറ്റാനായി ശ്രമിച്ചെങ്കിലും അബിൻ വിട്ടുകൊടുത്തില്ല. ഒടുവിൽ 23 ന് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്ന് ഉറപ്പിച്ചതായി പറഞ്ഞ ഔസേഫ്, താൻ 26 -ാം തീയതി ആ വഴി പോകുമ്പോൾ കുറച്ചാളുകൾ കൂടി നിൽക്കുന്നത് കണ്ട് അവിടെ കയറിപോയതാണെന്ന നിലപാടിലെത്തി.
എന്നാൽ അവിടേയും അബിൻ അങ്ങനെ വിടാൻ ഒരുക്കമല്ലായിരുന്നു. അങ്ങനെ കുറച്ചാളുകൾ കൂടി നിൽക്കുന്നത് കണ്ട് ഔസേഫ് ചുമ്മാ കയറിയതല്ലെന്നും യുഡിഎഫ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി തീരുമാനിച്ചതിനെ തുടർന്ന് കോൺഗ്രസിന്റെ വാർഡ് കമ്മിറ്റിയിൽ പങ്കെടുക്കാൻ തന്നെ വന്നതാണെന്നും കോൺഗ്രസ് വാർഡ് കമ്മിറ്റി യോഗത്തിന്റെ മിനിട്സിൽ ഒപ്പിട്ടിട്ടുണ്ടെന്നും അബിൻ വ്യക്തമാക്കിയതോടെ ഔസേഫ് ശരിക്കും വെട്ടിലായി. ഔസേഫ് കുടുങ്ങിയെന്ന് മനസിലാക്കിയ വസീഫ് ഇടപെട്ട് രക്ഷപ്പെടുത്താൻ ഒരു അവസാന ശ്രമം നടത്തി നോക്കിയെങ്കിലും അബിൻ വഴങ്ങിയില്ല. ഒടുവിൽ താൻ ആ കമ്മിറ്റിയിൽ പങ്കെടുത്തുവെന്ന് ഔസേഫ് ലൈവായി സമ്മതിക്കുകയായിരുന്നു. ഇതോടെ പകൽ മുഴുവൻ സിപിഎം പിന്തുണയോടെ പ്രചരിപ്പിക്കാൻ ശ്രമിച്ച 23 -ാം തീയതി കോൺഗ്രസ് ബി ജെപിയുമായി ചേർന്ന് ഭരണം പിടിക്കാൻ ശ്രമിച്ചുവെന്ന കഥ പൊളിഞ്ഞു വീഴുകയായിരുന്നു.
ഔസേഫിന്റെ കഥ പൊളിഞ്ഞതോടെ അബിൻ എന്താണ് സംഭവിച്ചതെന്നതിന്റെ കോൺഗ്രസ് ഭാഷ്യം വിശദമാക്കുകയും ചെയ്തു. അതായത് കോൺഗ്രസിനൊപ്പം ചേർന്ന് പ്രസിഡന്റ് സ്ഥാനാർത്ഥി ആയാലും ഇടതു മുന്നണിക്കും 10 അംഗങ്ങൾ ഉള്ളതിനാൽ തുല്യ നില വരുമെന്നും നറുക്കെടിപ്പിലേക്ക് പോകുമെന്നും ഉറപ്പായിരുന്നു. അപ്പോൾ ഒരു ഫിഫ്റ്റി- ഫിഫ്റ്റി ചാൻസ് മാത്രമേ ഉള്ളൂ. ആ സമയത്താണ് ദീർഘകാലമായി പഞ്ചായത്ത് ഭരിക്കുന്ന സിപിഎം ഭരണം പോയാൽ അവർ ഇത്രകാലം നടത്തിയ അഴിമതിക്കഥകൾ ഒക്കെ പുറത്താവുമെന്ന പ്രശ്നം ഒഴിവാക്കാൻ ഔസേഫിനെ മുൻനിർത്തി ഭരണം പിടിക്കാനുള്ള ശ്രമവുമായി മുന്നോട്ട് വന്നത്. ഔസേഫ് നോക്കിയപ്പോൾ ഇടതിനൊപ്പം ചേർന്നാൽ 11 അംഗങ്ങളുടെ പിന്തുണ കിട്ടുമെന്നും നറുക്കെടുപ്പില്ലാതെ ഉറപ്പായി പ്രസിഡന്റാവാനും കഴിയും എന്നതു മനസിലാക്കിയതിനെത്തുടർന്നാണ് ഈ നാടകം കളിച്ചത് എന്ന് അബിൻ വ്യക്തമാക്കി.
കോൺഗ്രസ് പാർട്ടി ഒരിക്കലും ബിജെപിയുടെ പിന്തുണയ്ക്കായി പോവില്ലെന്നും അങ്ങനെ പോകുന്നവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാവില്ലെന്നും ഒരിക്കൽ കൂടി ആവർത്തിച്ചു. മറ്റത്തൂരിലേത് പ്രാദേശികമായ പ്രശ്നം മാത്രമാണെന്നും ബിജെപിയുമായി സഹകരിക്കുന്ന ഏതെങ്കിലും അംഗങ്ങൾ ഉണ്ടെങ്കിൽ അവർ പാർട്ടിയിൽ ഉണ്ടാവില്ലെന്നും ഉറപ്പിച്ചു പറഞ്ഞു.
അതിനിടെ കഴിഞ്ഞ അഞ്ചു വർഷം പ്രതിപക്ഷ നേതാവായിരുന്ന താങ്കൾ ആ സമയത്തെ സിപിഎം ഭരണത്തെ ഇപ്പോൾ എങ്ങനെ വിലയിരുത്തുന്നുവെന്ന് ചോദിച്ചതിന് വളരെ നല്ല ഭരണമായിരുന്നുവെന്നും ഒരു പാട് അംഗീകാരങ്ങൾ പഞ്ചായത്ത് നേടിയെന്നും പറഞ്ഞതോടെ അബിൻ വർക്കിക്കൊപ്പം ആങ്കറിനും ചിരിയടക്കാനായില്ല എന്നതാണ് വാസ്തവം. സത്യത്തിൽ ഔസേഫ് പറഞ്ഞ കഥയിലെ ഓരോ വരിയും പൊള്ളയായിരുന്നുവെന്ന് അബിൻ തുറന്നുകാട്ടിയപ്പോൾ മറുപടി പറയാനാവാതെ വസീഫ് ചർച്ച ത്രിപുരയിലേക്കും രാജസ്ഥാനിലേക്കും ഒക്കെ കൊണ്ടു പോവുകയായിരുന്നു.


















































