ദിണ്ടിഗൽ: തമിഴ്നാട് ദിണ്ടിഗലിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മകൾ ഒളിച്ചോടിയതിന്റെ അപമാനത്തിൽ 45കാരി, അമ്മയെയും 2 പേരക്കുട്ടികളെയും കൊന്നതിന് ശേഷം ജീവനൊടുക്കി എന്നാണ് നിഗമനം. ദിണ്ടിഗൽ ഒട്ടൻചത്രത്തിലാണ് നാടിനെ നടുക്കിയ കൂട്ടമരണം. 65കാരിയായ ചെല്ലമ്മാൾ, 45 വയസ്സുള്ള മകൾ കാളീശ്വരി, ഏഴും അഞ്ചും വയസ്സുള്ള ലതികശ്രീ, ദീപ്തി എന്നിവരെ മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു. രാവിലെ വീട് അടഞ്ഞുകിടക്കുന്നത് കണ്ട് സംശയം തോന്നിയ അയൽക്കാർ പൊലീസുമായി ബന്ധപ്പെട്ടു.
സ്ഥലത്തെത്തിയ പൊലീസ് സംഘം വാതിൽ തകർത്ത് അകത്തുകയറിയപ്പോൾ ആണ് നാല് പേരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. കാളീശ്വരിയുടെ മകൾ പവിത്ര മക്കളെ ഉപേക്ഷിച്ച് കഴിഞ്ഞ ദിവസം പുരുഷ സുഹൃത്തിനൊപ്പം ഒളിച്ചോടിയിരുന്നു. ഏപ്രിൽ മുതൽ ഭർത്താവുമായി അകന്നു കഴിയുന്ന പവിത്രയോട് പുതിയ ബന്ധത്തിൽ നിന്ന് പിന്മാറാൻ കുടുംബം പല തവണ ആവശ്യപ്പെട്ടിരുന്നതായി അയൽക്കാർ പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് പവിത്ര വീട് വിട്ടിറങ്ങിയതിന് ശേഷം അയൽക്കാരോട് സംസാരിക്കാൻ കാളിശ്വരിയും ചെല്ലമ്മാളും തയ്യാറായിരുന്നില്ല. പേരക്കുട്ടികളുടെയും അമ്മയുടെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കാളീശ്വരി ജീവനൊടുക്കിയെന്നാണ് നിഗമനം. പോസ്റ്റുമോർട്ടത്തിനായി മൃതദേഹങ്ങൾ ദിണ്ടിഗൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ദിണ്ടിഗൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പവിത്രയുടെ പ്രതികരണം അറിവായിട്ടില്ല.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

















































