കോഴിക്കോട്: താമരശേരി അമ്പായത്തോട് പ്രവർത്തിക്കുന്ന അറവു മാലിന്യ കേന്ദ്രത്തിനെതിരെ നടന്ന ജനകീയ സമരം അക്രമത്തിൽ കലാശിച്ചു. പ്രതിഷേധക്കാർ ഫാക്ടറിക്ക് തീയിട്ടു. റൂറൽ എസ്പി കെ.ഇ.ബൈജുവിനും സിഐയ്ക്കും സംഘർഷത്തിൽ പരുക്കുണ്ട്. ഇതോടെ പ്രതിഷേധക്കാരെ ഓടിക്കാൻ പോലീസ് നിരവധി തവണ ഗ്രനേഡ് പ്രയോഗിച്ചു. ഫാക്ടറി കത്തിയെങ്കിലും അഗ്നിരക്ഷാ സേനയ്ക്ക് ഇതുവരെ സ്ഥലത്ത് എത്താൻ സാധിച്ചിട്ടില്ല. പ്രദേശവാസികൾ അഗ്നിരക്ഷാ സേന വാഹനങ്ങൾ തടഞ്ഞിട്ടിരിക്കുകയാണ്. സ്ഥലത്ത് വലിയ സംഘർഷാവസ്ഥയാണ് നിലനിൽക്കുകയാണ്.
അതേസമയം പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് നോക്കിയതോടെയാണ് സംഘർഷം രൂക്ഷമായത്. തുടർന്ന് പ്രതിഷേധക്കാരും പോലീസുമായി ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. ഇതിനു പിന്നാലെ പോലീസിന് നേരെ കല്ലേറുണ്ടായി. ഇതോടെയാണ് റൂറൽ എസ്പിക്ക് പരുക്കേറ്റത്. എസ്പിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. ഉത്തരമേഖല ഐജി അടക്കമുള്ള ഉന്നത പോലീസ് സംഘം ഉടൻ സ്ഥലത്തെത്തും. കൂടുതൽ പോലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.