കൊച്ചി: കിഫ്ബി മസാലബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക്കിനുമുൾപെടെയുള്ളവർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടിസ്. മൂന്നു വർഷത്തിലേറെ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ശനിയാഴ്ച ഇഡി നോട്ടിസ് നൽകിയത്. വിശദീകരണം തേടിയശേഷമായിരിക്കും തുടർനടപടികൾ. പിണറായിക്കും തോമസ് ഐസക്കിനും പുറമേ കിഫ്ബി ഉദ്യോഗസ്ഥർക്കും നോട്ടിസ് നൽകി. ഇ.ഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
മസാല ബോണ്ട് വഴി ശേഖരിച്ച പണം അടിസ്ഥാന വികസന പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമാണെന്നാണ് ഇ.ഡി പറയുന്നത്. 2019ൽ, 9.72 ശതമാനം പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ടിറക്കി 2,150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ബോണ്ടിറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം തോമസ് ഐസക്കിന് 2 തവണ നോട്ടിസ് നൽകിയിരുന്നു.
അതേസമയം വലിയ ഗൂഢാലോചനയാണ് മസാല ബോണ്ട് വിഷയത്തിൽ നടന്നതെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ‘‘ ഇതിലും കുറച്ച് പലിശയ്ക്ക് കേരളത്തിൽ വായ്പ കിട്ടുമായിരുന്നു. മസാല ബോണ്ട് അപകടമെന്നു നേരത്തെ പറഞ്ഞതാണ്. ലാവ്‌ലിൻ കമ്പനിയുമായുള്ള ഡീൽ ആണ് നടന്നത്. ലാവ്‌ലിൻ കമ്പനിക്ക് ഷെയറുള്ള സ്ഥാപനത്തിന് ബോണ്ടുകൾ വിൽക്കുന്നത് ദുരൂഹമാണെന്നും അന്നു ഞാൻ പറഞ്ഞിരുന്നു. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സംസ്ഥാനത്ത് ഈ രീതിയിൽ പണം സമാഹരിക്കാൻ കഴിയില്ല. വലിയ സാമ്പത്തിക ലാഭം ചിലർക്ക് ഉണ്ടായിട്ടുണ്ട്. നോട്ടിസ് കൊടുത്തത് ശരിയായ നടപടിയാണ്’’–രമേശ് ചെന്നിത്തല പ്രതികരിച്ചു.
മുഖ്യമന്ത്രിക്ക് ഇടയ്ക്കിടെ ഇ.ഡി നോട്ടിസ് കിട്ടുന്നുണ്ടെന്നും അത് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബിജെപി അനുകൂല നിലപാട് എടുപ്പിക്കാനാണെന്നും കോൺഗ്രസ് നേതാവ് കെ.മുരളീധരൻ പറഞ്ഞു. ‘‘ആര് പൊക്കിയാലും കേരളത്തിൽ ബിജെപി പൊങ്ങില്ല. ഇടയ്ക്ക് ഇ.ഡി നോട്ടിസ് അയക്കും. പിന്നീടത് അങ്ങനെ തന്നെ കെട്ടുപോകും’’– കെ. മുരളീധരൻ പറഞ്ഞു.



















































