താരങ്ങൾക്ക് വിവിഐപി പരിഗണന ലഭിക്കുന്ന സിനിമാ രംഗത്ത് പക്ഷെ ചെറിയ റോളുകൾ ചെയ്യുന്നവരുടെ അവസ്ഥ അതല്ല. വലിയ തോതിൽ ഹൈറാർക്കി ഇന്നും നിലനിൽക്കുന്ന സിനിമാ മേഖലയിൽ വേദനിപ്പിക്കുന്ന അനുഭവങ്ങൾ പലർക്കുമുണ്ടായിട്ടുമുണ്ട്. പിന്നീട് താരങ്ങളായി മാറിയവർ ഇതേക്കുറിച്ച് തുറന്ന് സംസാരിക്കാറുമുണ്ട്. ജൂനിയർ ആർട്ടിസ്റ്റായിരിക്കുന്ന കാലത്ത് നനഞ്ഞ വസ്ത്രം മാറാൻ കാരവാനിൽ കയറിയതിന് വഴക്ക് കേട്ട അനുഭവം നടി സുരഭി ലക്ഷ്മി അടുത്തിടെ പറയുകയുണ്ടായി.
ചോക്ലേറ്റ് എന്ന മലയാള സിനിമയിൽ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണിപ്പോൾ നടൻ മനോജ് ഗിന്നസ്. മിമിക്രി വേദികളിലൂടെ ശ്രദ്ധ നേടിയ കലാകാരനാണ് മനോജ് ഗിന്നസ്. ചോക്ലേറ്റിൽ ഒരു സീനിൽ ചാക്യാർ കൂത്തുകാരന്റെ വേഷത്തിലാണ് മനോജ് ഗിന്നസ് അഭിനയിച്ചത്. സെറ്റിൽ വേദനിപ്പിച്ച അനുഭവമാണ് തനിക്കുണ്ടായതെന്ന് മനോജ് ഗിന്നസ് പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.
ചോക്ലേറ്റ് സിനിമയിലെ ചാക്യാർകൂത്തുകാരന്‍ ഞാനായിരുന്നു. സോഹന്‍ സീനുലാല്‍ വിളിച്ച് മനോജേ നീ ഒരു ചാക്യാർ കൂത്തുകാരൻ ആവാന്‍ നാളെ വരുമോ എന്ന് ചോദിച്ചു. ചാക്ക്യാർ കൂത്ത് എനിക്കറിയില്ല ഞാൻ ഓട്ടം തുള്ളലൊക്കെയാണ് എന്ന് പറഞ്ഞപ്പോള്‍ ‘എടാ അതൊക്കെ മതീടാ, നീ ചെയ്യും. നീ ഒരു മേക്കപ്പ് മാനേയും കൂട്ടി ഇങ്ങ് വാ’ എന്ന് പറഞ്ഞു.
അവന് പറഞ്ഞത് പോലെ എന്റെ നാട്ടിലെ ഒരു ചാക്യാർ കൂത്ത് കലാകാരനേയും കൂട്ടി എറണാകുളം ടൗൺ ഹാളിൽ വന്നു. ജയസൂര്യ എന്റെയും അനിയന്റെയു സുഹൃത്താണ്. എന്നെ കണ്ടതും എന്താ ഇവിടെ എന്നൊക്കെ ചോദിച്ചു.
രാവിലെ 6.30-7 മണിയായപ്പോൾ ചാക്യാർ കൂത്തിന്റെ മേക്കപ്പ് ഇട്ടു. അരിപ്പൊടിയൊക്കെ വെച്ച് വരക്കുകയാണ്. ചാക്യാർ കൂത്തിന് പിറകിൽ കെട്ടുന്ന ഞൊറികളുള്ള കോസ്റ്റ്യൂമുണ്ട്. അത് കയറിട്ട് കെട്ടണം. കസേരയിൽ ഇരിക്കാൻ പറ്റില്ല. സ്റ്റൂളിൽ ഇരിക്കാൻ പറ്റും. രാവിലെ ആദ്യ ഷോട്ട് എന്റേതാണ് എടുക്കുന്നത്. ഓഡിറ്റോറിയം മൊത്തം നിറഞ്ഞു. രാജൻ പി ദേവ് സാറിന് എന്തോ തിരക്കുള്ളത് കാരണം ഈ സീൻ പിന്നെയാണ് എടുക്കുന്നത്. എനിക്കറിയില്ലായിരുന്നു. ലൊക്കേഷനിൽനിന്ന് വണ്ടി പോയി. വൈകുന്നേരമേ ഷൂട്ടുള്ളൂ, മനോജ് ഇതൊക്കെ ഒന്ന് അഴിച്ച് വെക്കെന്ന് എന്നോട് ആരും പറയുന്നില്ല.
എനിക്കാണെങ്കിൽ ഇരിക്കാനും പറ്റുന്നില്ല. ഞാനവിടെ നിന്നു. കയറിട്ട് കെട്ടി വെച്ചത് കാരണം ടോയ്‌ലറ്റിൽ പോകാനും പറ്റുന്നില്ല. അങ്ങനെ നിന്ന് നിന്ന് 12 മണിയായി. രാവിലെ ഏഴ് മണിക്ക് നടന്നതാണെന്ന് ഓർക്കണം. ഭക്ഷണം കഴിക്കാറായി. ഞാൻ ഒരു പ്ലേറ്റ് എടുത്ത് ചെന്നപ്പോൾ ഭക്ഷണം തരുന്നയാൾ എന്നെ ഓടിച്ചു. അവിടെ പോയി കഴിക്കെടാ എന്ന് പറഞ്ഞു. അവിടെ കോളേജ് പിള്ളേർ ഇടി കൂടുകയാണ്. നിന്റെ ഭക്ഷണം വേണ്ടെടാ എന്ന് പറഞ്ഞ് പ്ലേറ്റ് ഞാനിവിടെയിട്ടു. ഇത് പട്ടണം ഷാ എന്ന മേക്കപ്പ്മാൻ കണ്ടു. ഡോ അത് ആരാണെന്ന് അറിയുമോ, മേക്കപ്പ് ഇട്ടത് കൊണ്ടാണ് മനസിലാകാത്തതെന്ന് അദ്ദേഹം അയാളോട് പറഞ്ഞു. നിർബന്ധിച്ചെങ്കിലും പിന്നീട് ഞാൻ ഭക്ഷണം കഴിച്ചില്ല.
വീണ്ടും രണ്ട് മണിക്കൂർ അവിടെ കാത്ത് നിന്നു. അവസാനം അഴിച്ച് വെച്ച് ഞാൻ പോയി. പിന്നീട് ഷൂട്ടിന് വിളിച്ചപ്പോൾ താൻ പോയില്ല. അവസാനം എല്ലാവരും നിർബന്ധിച്ചപ്പോൾ താൻ പോയി അഭിനയിച്ചെന്നും മനോജ് ഗിന്നസ് വ്യക്തമാക്കി. മിമിക്രിയിലും സിനിമയിലും ഒരുപാട് സുഹൃത്തുക്കളുണ്ട്. പക്ഷെ അവരുടെ സിനിമയുടെ പൂജ പോലും എന്നോട് പറയില്ല. അത് മിമിക്രിക്കാരുടെ കുഴപ്പമാണ്.
മിമിക്രി ചെയ്യുന്ന കാലത്തെ ചെറിയ പിണക്കങ്ങൾ അവർ സിനിമാ താരങ്ങളാകുമ്പോഴും ടെക്‌നീഷ്യൻമാരാകുമ്പോഴും വൈരാഗ്യം പോലെ നമ്മളോട് കാണിക്കും. മിണ്ടാൻ മടിയുള്ളവരും ചിരിക്കാൻ മടിയുള്ളവരുമുണ്ട്. ലൈഫ് മൊത്തം ഇനി സിനിമയാണെന്നാണ് അവർ കരുതുന്നത്. അതൊന്നുമല്ലെന്ന് നമുക്കറിയാം. സിനിമയിലെത്തി പിന്നീട് തിരിച്ച് വന്നവരുമുണ്ടെന്നും മനോജ് ഗിന്നസ് പറയുന്നു.