തിരുവനന്തപുരം: ‘സിഎം വിത്ത് മീ’യിൽ വിളിച്ച് അശ്ലീലം പറഞ്ഞ യുവാവ് അറസ്റ്റിൽ. ആലപ്പുഴ ചെങ്ങന്നൂർ വെൺമണി മാറുന്നൂർ ഹൗസിൽ അർജുൻ ജി. കുമാർ(34) ആണ് അറസ്റ്റിലായത്. ‘സിഎം വിത്ത് മീ’ പരിപാടിയിലേക്കു വിളിച്ചശേഷം സ്ത്രീകളോട് അശ്ലീലം പറയുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ മ്യൂസിയം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുൻപും അർജുൻ ‘സിഎം വിത്ത് മീ’യിൽ വിളിച്ച് മോശമായി സംസാരിച്ചിട്ടുള്ളതായി പോലീസ് അറിയിച്ചു.
കഴക്കൂട്ടത്ത് ഓൺലൈനായി ഭക്ഷണം വിതരണംചെയ്യുന്ന കമ്പനിയിലെ ജീവനക്കാരനാണ് അർജുൻ. വെന്മണി പോലീസ് സ്‌റ്റേഷനിലും തിരുവല്ല പോലീസ് സ്റ്റേഷനിലും വിളിച്ച് വനിതാ ഉദ്യോഗസ്ഥരെ അശ്ലീലം പറഞ്ഞതിൽ ഇയാൾക്കെതിരേ കേസുണ്ട്. പൊതുജനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ വിളിക്കാനുള്ള ടോൾഫ്രീ നമ്പരാണ് ഇയാൾ ദുരുപയോഗംചെയ്തത്.
ഉദ്യോഗസ്ഥർ സിഎം വിത്ത് മീ ഫോൺകോളിനു മറുപടി നൽകുകയും പരാതി ഏത് വകുപ്പുമായി ബന്ധപ്പെട്ടതാണോ ആ വകുപ്പിലേക്കു കൈമാറുകയും ചെയ്യുന്നതാണ് ‘സിഎം വിത്ത് മീ’ പരിപാടി.

















































