മസ്‌കറ്റ്: ഒമാനിൽ പ്രവാസികളുടെ തൊഴിൽ പെർമിറ്റ് നിയമങ്ങൾ പരിഷ്‌കരിച്ചു. സ്വദേശികൾക്ക് കൂടുതൽ ജോലി നൽകുന്ന വിധത്തിലാണ് പ്രവാസികളുടെ വർക്ക് പെർമിറ്റ് പരിഷ്‌കരിച്ചത്. സ്വദേശിവൽക്കരണം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് വർക്ക് പെർമിറ്റ് ഫീസ് ഇരട്ടിയാക്കുമെന്ന് അധികൃതർ അറിയിച്ചു.
പ്രവാസികൾക്കുള്ള വർക്ക് പെർമിറ്റുകളും പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസുകളും നിയന്ത്രിക്കുന്ന ചട്ടങ്ങളിലാണ് ഒമാൻ ഭേദഗതി വരുത്തിയത്. സ്വദേശികളുടെ തൊഴിൽ നിരക്കുകൾ വർദ്ധിപ്പിക്കുകയും തൊഴിൽ വിപണിയുടെ നിയന്ത്രണം ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം.പുതുക്കിയ പ്രവാസി വർക്ക് പെർമിറ്റ് ചട്ടക്കൂടിൽ, കമ്പനികളെ മൂന്ന് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്.
ഗ്രീൻ വിഭാഗത്തിലുള്ള സ്ഥാപനങ്ങൾക്ക് പ്രവാസി വർക്ക് പെർമിറ്റ് ഫീസിൽ 30% കിഴിവ് ലഭിക്കും. കൃത്യമായി സ്വദേശിവൽക്കരണ നയം നടപ്പാക്കുന്നതിനുള്ള അംഗീകാരമാണ് ഇത്. സ്വദേശിവൽക്കരണ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ യെല്ലോ അല്ലെങ്കിൽ റെഡ് വിഭാഗങ്ങളിൽപ്പെടുന്ന കമ്പനികൾക്ക് വർക്ക് പെർമിറ്റ് ലഭിക്കുന്നതിനുള്ള ഫീസ് ഇരട്ടിയാക്കും. അതേസമയം, ‘റിയാദ’ കാർഡ് കൈവശമുള്ള സംരംഭങ്ങൾക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്നും തൊഴിൽ മന്ത്രാലയം ഡയറക്ടർ ജനറലും ഔദ്യോഗിക വക്താവുമായ അമ്മാർ ബിൻ സലേം അൽ സാദി പറഞ്ഞു.

















































