ആലുവ: പെരിയാറിന് കുറുകെയുള്ള റെയിൽവേ മേൽപ്പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നത്തെ രണ്ട് ട്രെയിനുകൾ റദ്ദാക്കി. പാലക്കാട് – എറണാകുളം മെമു (66609), എറണാകുളം – പാലക്കാട് മെമു (66610) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. പാലം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മൂന്ന് ട്രെയിനുകൾ വൈകിയോടും. ഇൻഡോർ – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (22645), കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് (16308 ), സിക്കന്ദറാബാദ് – തിരുവനന്തപുരം സെൻട്രൽ ശബരി (17230) എന്നീ ട്രെയിനുകളാണ് വൈകിയോടുന്നത്.
അടുത്ത ഞായർവരെ അറ്റകുറ്റപ്പണി തുടരുമെന്ന് റെയിൽവേ അറിയിച്ചു. അതിനാൽ ബുധൻ, ശനി, ഞായർ ദിവസങ്ങളിലെ എറണാകുളം-പാലക്കാട്, പാലക്കാട്-എറണാകുളം മെമു സർവീസുകൾ റദ്ദാക്കി. വരുന്ന നാല് ദിവസങ്ങളിൽ ചില ട്രെയിനുകൾ വൈകി ഓടുമെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
ഇൻഡോർ – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് ഒന്നര മണിക്കൂർ വൈകിയായിരിക്കും ഓടുന്നത്. ഒരു മണിക്കൂറും 20 മിനിട്ടും വൈകിയായിരിക്കും കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് ഓടുക. കൂടാതെ സെക്കന്ദറാബാദ് – തിരുവനന്തപുരം സെൻട്രൽ ശബരി അര മണിക്കൂർ വൈകുമെന്നും റെയിൽവേ അധികൃതർ പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു.