കാസര്‍കോട്: എൽഡിഎഫ് – എസ്‍ഡിപിഐ ബന്ധമെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് എം എ ബേബി. എസ്‍ഡിപിഐ ആർഎസ്എസിന്റെ ഉത്പന്നമാണ്. എസ്‍ഡിപിഐ ഉണ്ടാക്കിയതിന്‍റെ ഉത്തരവാദിത്തവും ആർഎസ്എസിനാണ്.
ന്യൂനപക്ഷത്തിൻ്റെ താത്പര്യം സംരക്ഷിക്കാൻ ആർഎസ്എസ് മോഡൽ സംഘം ഉണ്ടാവേണ്ടതില്ലെന്നാണ് എസ്‍ഡിപിഐയോട് പറയാനുള്ളതെന്നും ബേബി പറഞ്ഞു.ബിജെപിയുമായി കേരളത്തിൽ ഡീൽ ഉണ്ടാക്കിയത് കോൺഗ്രസാണ്. എസ്‍ഡിപിഐയുമായി ചർച്ച ചെയ്ത് പിന്തുണയും സഹകരണം തേടുന്ന നയം എൽഡിഎഫിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എസ്‍ഡിപിഐ അവരുടെ നിലപാട് വ്യക്തമാക്കട്ടെ. പിന്തുണ പ്രഖ്യാപിച്ചാൽ പോളിങ് ബൂത്തിൽ പോയി വോട്ട് ചെയ്യരുതെന്ന് പറയാൻ കഴിയില്ലല്ലോയെന്നും ബേബി പറഞ്ഞു. സ്ത്രീകളെ ജനറൽ സീറ്റിൽ മത്സരിപ്പിക്കരുതെന്ന ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവന എം.എ ബേബി തള്ളി.അത്തരം നിലപാടുകളോട് സിപിഎമ്മിന് യോജിപ്പില്ല.
കേരള സമൂഹത്തിൽ സ്ത്രീ തുല്യ ബോധം ഇല്ല. സിപിഎമ്മിൽ നിന്ന് കൂടുതൽ സ്ത്രീകൾ സ്ഥാനാർഥികൾ ആകണമായിരുന്നു.പി.കെ ശ്യാമള സ്ഥാനാർഥിയായപ്പോൾ നേതാവിന്റെ ഭാര്യയായി വെട്ടിച്ചുരുക്കിയെന്നും എം.എ ബേബി പറഞ്ഞു.


















































