ലക്‌നൗ: 2025 സീസൺ ഐപിഎല്ലിൽ തീർത്തും മോശം പ്രകടനമായിരുന്നു ലക്‌നൗ സൂപ്പർ ജയന്റ്‌സിന്റേത്. കഴിഞ്ഞ ദിവസം ഹോംഗ്രൗണ്ടിൽ പഞ്ചാബ് കിംഗ്‌സിനെതിരെ നടന്ന മത്സരത്തിലും ലക്‌നൗ എട്ട് വിക്കറ്റിന് തോറ്റുതുന്നംപാടി. മൂന്ന് മത്സരത്തിൽ രണ്ട് തോൽവിയോടെ ആറാം സ്ഥാനത്താണ് ലക്‌നൗ ഇപ്പോൾ. ഇതിനിടെ മത്സരശേഷം ഫ്രാഞ്ചൈസി ഉടമയായ സഞ്ജീവ് ഗോയങ്ക ടീം ക്യാപ്‌റ്റൻ ഋഷഭ് പന്തിനോട് ചൂടായി സംസാരിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. ഇതുവരെയുള്ള മൊത്തം മത്സരങ്ങളെടുത്തു നോക്കിയാൽ പന്തിന്റെ പ്രകടനവും വളരെ മോശമായിരുന്നു.
ഈ സീസണിൽ 27 കോടി രൂപ എന്ന റെക്കോഡ് തുകയ്‌ക്കാണ് ഫ്രാഞ്ചൈസി ഇത്തവണ പന്തിനെ വാങ്ങിയത്. എന്നാൽ അതിന്റേതായ ഒരു പ്രകടനവും താരത്തിൽ നിന്നുണ്ടായില്ല. ബിസിസിഐ സെൻട്രൽ കോൺട്രാക്‌ട് ഉള്ള താരത്തെ അതിൽ നിന്ന് പുറത്താക്കണമെന്നുവരെ കഴിഞ്ഞ മത്സരശേഷം ആരാധകർ ആവശ്യപ്പെട്ടു തുടങ്ങി.
ഇതിനോടൊപ്പമാണ് ഗ്രൗണ്ടിൽ വച്ച് പന്തിനുനേരെ വിരൽചൂണ്ടി ദേഷ്യത്തോടെ ഗോയങ്ക സംസാരിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നത്. ഫോട്ടോയിൽ മറുപടി നൽകാനില്ലാതെ പന്ത് തലതാഴ്‌ത്തി നിൽക്കുന്നതും കാണാം. ഇതിന് മുൻപ് കഴിഞ്ഞ സീസണിൽ ഇത്തരത്തിൽ ഗോയങ്ക ടീം നായകനായിരുന്ന കെ എൽ രാഹുലിനെതിരെ സംസാരിച്ചിരുന്നു. ഇതിൽ ആരാധകർക്ക് വലിയ അമർഷമാണ് ഉണ്ടായിരുന്നത്. തുടർന്ന് അത്തരം പ്രശ്‌നങ്ങളില്ലെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങൾ പിന്നീട് ഗോയങ്ക പുറത്തുവിട്ടു.
എങ്കിലും ഈ സീസണിൽ രാഹുൽ ഫ്രാഞ്ചൈസി വിട്ട് ഡൽഹി ക്യാപിറ്റൽസിൽ ചേർന്നു. അതേസമയം ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കാൻ രാഹുൽ തയ്യാറാകാത്തതിനാൽ അക്‌സർ പട്ടേലാണ് ഇത്തവണ ഡൽഹിയെ നയിക്കുന്നത്.
Sanjiv Goenka and Rishabh Pant after the match. 👀 pic.twitter.com/AzyGSCYPLd
— Vishal. (@SPORTYVISHAL) April 1, 2025