തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. ഇതിൽ ഏഴു ജില്ലകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബർ ഒമ്പതിനും ബാക്കി ഏഴ് ജില്ലകളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബർ 11നുമായിരിക്കും നടക്കുക. ഡിസംബർ 13നായിരിക്കും വോട്ടെണ്ണൽ. തെരഞ്ഞെടുപ്പിൻറെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
നവംബർ 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. നാമനിർദേശ പത്രിക സമർപ്പിക്കുവാനുള്ള തീയതി നവംബർ 21 വരെ നൽകാം. സൂഷ്മ പരിശോധന നവംബർ 22 ശനിയാഴ്ച. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 24. വോട്ടെടുപ്പ് വിജ്ഞാപന തീയതി മുതൽ നാമനിർദേശ പത്രിക നൽകാം.
ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴു ജില്ലകളിലായിരിക്കും. ഇത് ഡിസംബർ 9 ചൊവ്വാഴ്ചയായിരിക്കും. രണ്ടാം ഘട്ടത്തിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴു ജില്ലകളിലും വോട്ടെടുപ്പ് ഡിസംബർ 11 വ്യാഴാഴ്ച നടക്കും. ഡിസംബർ 13നാണ് വോട്ടെണ്ണൽ. തെരഞ്ഞടുപ്പ് നടപടി ക്രമങ്ങൾ ഡിസംബർ 18 പൂർത്തിയാക്കണം.
അതേസമയം തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം ഇന്ന് മുതൽ നിലവിൽ വന്നു. മട്ടന്നൂർ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 23576 വാർഡുകളിലേക്കായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കാലവധി പൂർത്തിയാകാത്തതിനാൽ മട്ടന്നൂരിൽ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. സംസ്ഥാനത്ത് ആകെ 33746 പോളിങ് സ്റ്റേഷനുകളായിരിക്കും ഉണ്ടാകുക. 1,37,922 ബാലറ്റ് യൂണിറ്റുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. 50691 കൺട്രോൾ യൂണിറ്റുകളുമുണ്ടാകും. 1249 റിട്ടേണിങ് ഓഫീസർമാരായിക്കും വോട്ടെടുപ്പിനായി ഉണ്ടാകുക. ആകെ 1.80 ലക്ഷം ഉദ്യോഗസ്ഥരെയായിരിക്കും വോട്ടെടുപ്പിനായി നിയോഗിക്കുക. സുരക്ഷക്കായി 70,000 പോലീസുകാരെയും നിയോഗിക്കും. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ചുള്ള ദുരുപയോഗം തടയാനുള്ള നടപടിയുണ്ടാകും. ആകെ 2.50 ലക്ഷം ഉദ്യോഗസ്ഥരായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഉണ്ടാകുക. തെരഞ്ഞെടുപ്പ് ഇപ്പോൾ നടക്കുന്നില്ലെങ്കിലും മട്ടന്നൂരിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
നിർദേശങ്ങൾ ഇങ്ങനെ
*ജാതിയുടെ പേരിൽ വോട്ട് ചോദിക്കരുത്.
* ഔദ്യോഗിക സ്ഥാനം പ്രചാരണത്തിന് ഉപയോഗിക്കരുത്
*പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കാൻ ജില്ലാ തല സമിതിയെ നിയോഗിക്കും.
*മാധ്യമങ്ങൾക്കും പെരുമാറ്റച്ചട്ടം ബാധകം.
*പ്രശ്നബാധിത ബൂത്തുകളിൽ അധിക സുരക്ഷ ഏർപ്പെടുത്തും.
*വോട്ടെടുപ്പിന് വെബ് കാസ്റ്റിങ്.
*പ്രചാരണ സമയത്ത് രാത്രി പത്തിനും രാവിലെ ആറിനും ഇടയിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല.
*ഓരോ ജില്ലകളിലും നിരീക്ഷകരെ നിർത്തും.
*തെരഞ്ഞെടുപ്പ് പ്രചാരണ ചെലവുകൾ നിരീക്ഷിക്കും.
*ഹരിത ചട്ടം പാലിച്ചായിരിക്കണം പ്രചാരണം നടത്തേണ്ടത്.
*രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെയായിരിക്കും വോട്ടെടുപ്പ്



















































