കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർ പട്ടികയിൽ കൂടുതൽ ക്രമക്കേട് ആരോപണവുമായി മുസ്ലിം ലീഗ്. കോഴിക്കോട് മാറാട് ഡിവിഷനിലെ 49/49 കെട്ടിട നമ്പറിൽ മാത്രം ചേർത്തത് 327 വോട്ടുകൾ. മൂന്നാലിങ്കലിൽ 70 വോട്ട് ചേർത്ത കെട്ടിടം തന്നെ കാണാൻ ഇല്ല. സംഘടിത ക്രമക്കേടിന് പിറകിൽ സിപിഎം എന്നാണ് ലീഗിന്‍റെ ആരോപണം.
കോഴിക്കോട് കോർപറേഷൻ മാറാട് ഡിവിഷൻ കെട്ടിട നമ്പർ 49/49 ൽ ചേർത്ത വോട്ടുകൾ ആണിത്. 327 വോട്ടുകൾ ചേർത്ത കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് സിപിഎം നിയത്രണത്തിലുള്ള സഹകരണ സ്ഥാപനമാണ്. നഗരസഭയുടെ ആസ്തി രജിസ്റ്റർ രേഖയും ഇത് ശരിവെക്കുന്നു. ഒരാൾ പോലും താമസം ഇല്ലാത്ത ഇവിടെയാണ് ഇത്ര അധികം വോട്ട് ചേർത്തത്.
മൂന്നാലിങ്കൽ ഡിവിഷനിൽ 70 വോട്ടർമാരെ ചേർത്ത വീട് തന്നെ കാണാൻ ഇല്ല. നികുതി പരിഷ്ക്കരണത്തിന് ശേഷം രേഖകളില്‍ നിന്നും ഒഴിവാക്കപ്പെട്ട കെട്ടിടത്തിന്റെ മറവിൽ ആണ് വോട്ട് കൊള്ളക്കുള്ള വഴി ഒരുക്കൽ. ക്രമനമ്പറും ഓർഡറും തിരുത്തിയും വോട്ട് തട്ടിപ്പ് ഉണ്ട്. ഇടതു സ്വാധീന മേഖലകളിൽ കൂടുതൽ വോട്ട് ചേർത്ത് ആട്ടിമറിക്ക് കളം ഒരുക്കുന്നു എന്നാണ് ആരോപണം. എല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിയായി അറിയിച്ചിട്ടുണ്ട്. അന്തിമ പട്ടികയിലും അപാകത തുടരുകയാണെങ്കിൽ വീണ്ടും കോടതിയെ സമീപിക്കുമെന്നും നേതൃത്വം വ്യക്തമാക്കി.