കൊച്ചി: ഒന്നാം നിലയിലേക്ക് സാധനങ്ങൾ ഇറക്കി വയ്ക്കുന്നതിനിടെ കേബിൾ പൊട്ടി ലിഫ്റ്റ് സെക്യൂരിറ്റി ജീവനക്കാരന്റെ കഴുത്തിൽ പതിച്ചു. അപകടത്തിൽ എറണാകുളം പ്രൊവിഡൻസ് റോഡിലുള്ള വളവി ആൻഡ് കമ്പനിയിലെ ജീവനക്കാരൻ കൊല്ലം പടപ്പക്കര ചരുവിള പുത്തൻവീട്ടിൽ എ. ബിജുവാണ് (42) മരിച്ചത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
സംഭവം ഇങ്ങനെ- പ്രിന്റിങ് സാധനങ്ങൾ ബിജു ലിഫ്റ്റ് വഴി ഒന്നാം നിലയിലേക്ക് എത്തിക്കുന്നതിനിടെയായിരുന്നു അപകടം. സാധനങ്ങൾ ഇറക്കി വയ്ക്കുന്നതിനിടെ ഒരു പായ്ക്കറ്റ് ബിജുവിന്റെ കയ്യിൽ നിന്നു ലിഫ്റ്റിനുള്ളിൽ വീണു. ഇതെടുക്കാനായി ലിഫ്റ്റിനു പുറത്തു നിന്ന് ഉള്ളിലേക്കു തലയിട്ട് കുനിയുന്നതിനിടെ കേബിൾ പൊട്ടി ലിഫ്റ്റ് താഴേക്കു വീണു. ഇതോടെ ലിഫ്റ്റിന്റെ മുകൾഭാഗം ബിജുവിന്റെ കഴുത്തിൽ വന്നിടിക്കുകയായിരുന്നു. കൂടാതെ തല ലിഫ്റ്റിനുള്ളിലും ശരീരം പുറത്തുമായി കുടുങ്ങുകയും ചെയ്തു. ഉടൻ അഗ്നിരക്ഷാ ഉദ്യോഗസ്ഥരും സെൻട്രൽ പോലീസും സ്ഥലത്തെത്തി ലിഫ്‌റ്റിന്റെ മുകൾ ഭാഗം ഉയർത്തി ബിജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു.