തിരുവനന്തപുരം: കടലിൽ ചെരിഞ്ഞ എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ കപ്പൽ പൂർണമായി മുങ്ങിയതോടെ അതീവ ജാഗ്രതയിൽ അധികൃതർ. കണ്ടെയ്നറിലെ രാസവസ്തുക്കൾ കടൽ ജലത്തിൽ കലർന്നാലുള്ള സാഹചര്യം നേരിടാനുള്ള തയാറെടുപ്പിലാണ് നാവികസേനയും കോസ്റ്റ് ഗാർഡും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും.
കണ്ടെയ്നറിലെ ഇന്ധന രൂപത്തിലുള്ള അവശിഷ്ടങ്ങൾ കടലിൽ പരന്നാൽ അത് ജലജീവികളെയും കടലിലെ ആവാസ വ്യവസ്ഥയെയും സാരമായി ബാധിക്കുമെന്ന് വിദ്ഗദർ പറയുന്നു. അതേസമയം കപ്പൽ പൂർണമായി മുങ്ങിയതിനാൽ ബങ്കർ ഫ്യൂവൽ (കപ്പൽ ഇന്ധനവും) കടലിൽ ഏതാണ്ടു രണ്ടു നോട്ടിക്കൽ മൈൽ ചുറ്റളവിൽ വ്യാപിച്ചു എന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ കാറ്റിന്റെ ഗതിയും കടൽത്തിരകളുടെ ചലനവും അനുസരിച്ച് ആലപ്പുഴ, കൊല്ലം തീരത്തേക്കാണ് കണ്ടെയ്നറുകൾ ഒഴുകിയെത്തുക. ജനങ്ങൾ ഇവയുടെ അടുത്തേക്ക് പോകരുതെന്ന് നിർദേശമുണ്ട്.
കപ്പൽ മുങ്ങിത്തുടങ്ങുന്നതിനു മുമ്പ് ക്യാപ്റ്റനെയും എൻജിനീയർമാരെയും മാറ്റിയിരുന്നു. കപ്പൽ ഉപേക്ഷിച്ച് ക്യാപ്റ്റനടക്കം മൂന്നുപേർ ഇന്ത്യൻ നേവിയുടെ ഐഎൻഎസ് സുജാതയിൽ രക്ഷപ്പെട്ടു. റഷ്യൻ പൗരനായ ക്യാപ്റ്റനും 20 ഫിലിപ്പീൻസ് സ്വദേശികളും യുക്രൈനിൽ നിന്നുള്ള 2 പേരും ഒരു ജോർജിയൻ സ്വദേശിയുമായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. 24 ജീവനക്കാരിൽ 21 പേരെ തീരസേനയും നാവികസേനയും ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. കപ്പലിൽ തുടർന്ന ക്യാപ്റ്റനെയും രണ്ട് എൻജിനീയർമാരെയുമാണ് അവസാനം രക്ഷപ്പെടുത്തിയത്.