ബെംഗളൂരു: പാർട്ടിയിലെ സുപ്രധാന സ്ഥാനത്തുനിന്ന് ഭാര്യയെ മാറ്റിയതിൽ പ്രകോപിതനായി ഭർത്താവ് കോൺഗ്രസ് ഓഫീസിന് തീയിട്ടു. യാദ്ഗിർ കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിന് തീയിട്ട സംഭവത്തിൽ കോളേജ് അധ്യാപകൻ കൂടിയായ ശങ്കർ ഗൂലി അറസ്റ്റിലായി. സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളേജ് അധ്യാപകനാണ് ശങ്കർ. പാർട്ടിയുടെ വനിതാ വിഭാഗത്തിൻറെ ചുമതലയായിരുന്നു ശങ്കറിന്റെ ഭാര്യ മഞ്ജുളയ്ക്ക് ഉണ്ടായിരുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം ഇവരെ മാറ്റി നിലോഫർ ബാദൽ എന്ന വനിതയെ അധ്യക്ഷയായി നിയമിച്ചിരുന്നു. ഇതിൽ ദേഷ്യപ്പെട്ടാണ് ശങ്കർ പാർട്ടി ഓഫിസ് കത്തിച്ചത്. പ്രദേശത്തെ അറിയപ്പെടുന്ന ഒരു ക്രിമിനലായ ബാപുഗൗഡ അഗതിർത് എന്നയാൾക്കൊപ്പമാണ് ശങ്കർ പാർട്ടി ഓഫീസ് കത്തിച്ചത്. കയ്യിൽ കരുതിയ പത്ത് ലിറ്റർ പെട്രോൾ ജനാലകളിലും വാതിലുകളിലും ഒഴിച്ച് തീയിടുകയായിരുന്നു.
ഓഫീസിലെ സോഫ, എസി, ഡോറുകൾ, ജനാലകൾ എല്ലാം കത്തിപ്പോയി. സംഭവത്തിന് ശേഷം ഒളിവിൽ പോയ ശങ്കറിനെ സിസിടിവിയുടെ സഹായത്തോടെയാണ് പോലീസ് കണ്ടെത്തിയത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ബാപുഗൗഡ അഗതിർത്തിനായി തിരച്ചിൽ തുടരുകയാണ്.