ഡോ. വി. ആനന്ദ് കുമാര്‍
സീനിയര്‍ കണ്‍സള്‍ട്ടന്റ്, എച്ച്ഒഡി,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റല്‍
കൊച്ചി
നമ്മുടെ ഹൃദയാരോഗ്യത്തെ ബാധിച്ചേക്കാവുന്ന വിവിധ കാരണങ്ങളുണ്ട്. ‘മോശം കൊളസ്ട്രോള്‍’ എന്നറിയപ്പെടുന്ന ഉയര്‍ന്ന എല്‍ഡിഎല്‍ കൊളസ്ട്രോളിനെ ഹൃദയവുമായി ബന്ധപ്പെട്ട അപകടസാധ്യതകളുടെ കാര്യത്തില്‍ പ്രാഥമിക ആശങ്കയായി കണക്കാക്കപ്പെടുന്നു.
തോത് കൂടുതലായിരിക്കുമ്പോള്‍ എല്‍ഡിഎല്‍സി ധമനികളില്‍ പ്ലാക്കുകള്‍ രൂപപ്പെടുത്തുകയും രക്തപ്രവാഹത്തെ നിയന്ത്രിക്കുന്ന തരത്തില്‍ തടസ്സങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകും. പരിശോധനയിലൂടെ മുന്‍കരുതല്‍ എടുക്കുക എന്നതാണ് ഉയര്‍ന്ന എല്‍ഡിഎല്‍ കൊളസ്ട്രോളിനെ കൈകാര്യം ചെയ്യുമ്പോള്‍ വേണ്ട ആദ്യപടി. 2024ല്‍ പ്രസിദ്ധീകരിച്ച കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (സിഎസ്ഐ) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 18 വയസ്സ് മുതല്‍ തന്നെ കൊളസ്ട്രോള്‍ പരിശോധനകള്‍ ആരംഭിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നു. ഉയര്‍ന്ന എല്‍ഡിഎല്‍സി നേരത്തേ കണ്ടെത്തുന്നത് ചികിത്സ എളുപ്പമാക്കുന്നു എന്ന് മാത്രമല്ല എല്‍ഡിഎല്‍സിയെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനും കഴിയും.
അതിരോസ്‌കല്‍റോസിസ് (രക്തപ്രവാഹത്തിന് തടസ്സം സൃഷട്ടിക്കുന്ന വിധം ശരീരത്തിലെ സുപ്രധാന ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടല്‍) ഉണ്ടാകുന്നതിന് എല്‍ഡിഎല്‍ കൊളസ്ട്രോള്‍ (എല്‍ഡിഎല്‍സി) ഒരു പ്രധാന പങ്ക് വഹിക്കുന്നു. രക്തത്തിലെ എല്‍ഡിഎല്‍ അളവ് കൂടുതലും ജനിതകമായി നിര്‍ണ്ണയിക്കപ്പെടുന്ന ഒന്നാണ്. ഭക്ഷണക്രമവും വ്യായാമ രീതികളും ഇതിലേക്ക് ചെറിയ സംഭാവന മാത്രമേ നല്‍കുന്നുള്ളൂ. ഹൃദയ, തലച്ചോര്‍ ധമനികള്‍ ഉള്‍പ്പെടെയുള്ള ധമനികളില്‍ എല്‍ഡിഎല്‍സി അടിഞ്ഞുകൂടാന്‍ തുടങ്ങുകയും തടസ്സങ്ങള്‍ സൃഷ്ടിക്കുകയും രക്തപ്രവാഹത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഹൃദയാഘാതം അല്ലെങ്കില്‍ സ്ട്രോക്ക് പോലുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകുന്നതുവരെ അത് ലക്ഷണങ്ങള്‍ കാണിക്കുന്നില്ല എന്നതാണ് ഉയര്‍ന്ന എല്‍ഡിഎല്‍സിയെക്കുറിച്ചുള്ള ഏറ്റവും ആശങ്കാജനകമായ കാര്യം. വിജയകരമായ ചികിത്സയ്ക്ക് എന്തെങ്കിലും സൂചന ലഭിക്കുമ്പോഴേക്കും വളരെ വൈകിയേക്കാം. അതിനാല്‍, പതിവായി രക്തത്തിലെ ലിപിഡ് പ്രൊഫൈല്‍ പരിശോധിക്കുകയും എല്‍ഡിഎല്‍സി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ചികിത്സ തേടുകയും ചെയ്യേണ്ടത് പ്രധാനമാണ്.
സമീപ കാലങ്ങളില്‍ ചികിത്സാ മാതൃകകള്‍ മാറിയിട്ടുണ്ട്. ഇത് എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കൈകാര്യം ചെയ്യലിലും പ്രതിഫലിച്ചിട്ടുണ്ട്. മുമ്പ്, പ്രമേഹമുള്ളവര്‍ക്ക് 130 എംജി/ഡിഎല്ലില്‍ കൂടുതലോ പ്രമേഹമില്ലാത്തവര്‍ക്ക് 160 എംജി/ഡിഎല്ലില്‍ കൂടുതലോ എല്‍ഡിഎല്‍സി തോത് ഉള്ള രോഗികള്‍ക്ക് കൊളസ്ട്രോള്‍ കുറയ്ക്കുന്ന മരുന്നുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. പലപ്പോഴും, ഈ മാറ്റത്തെക്കുറിച്ച് ആളുകള്‍ അറിയാറില്ല എന്നതാണ് വസ്തുത. ഉയര്‍ന്ന അപകടസാധ്യതയുള്ള രോഗികള്‍ക്ക് മരുന്നുകള്‍ നിര്‍ദ്ദേശിക്കുക മാത്രമേ വഴിയുള്ളൂ എന്ന് കരുതപ്പെടുന്നു.
മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തിന് ആരോഗ്യകരമായ ശരീര ഭാരം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ശാരീരിക ചലനങ്ങള്‍, കരുത്ത് പരിശീലനം, കാര്‍ഡിയോ പരിശീലനം എന്നിവ എച്ച്ഡിഎല്‍ കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ നല്ല കൊളസ്ട്രോളായി കണക്കാക്കപ്പെടുന്നു, ഇത് അവയവങ്ങളില്‍ നിന്ന് എല്‍ഡിഎല്‍ കൊളസ്ട്രോള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
പരമ്പരാഗത മരുന്നുകള്‍ കൊണ്ട് മതിയായ ഫലങ്ങള്‍ നേടാത്ത രോഗികള്‍ക്ക് സുരക്ഷിതവും ഫലപ്രദവുമായ ബദലുകളായി പുതിയ നൂതന ചികിത്സകള്‍ ഉയര്‍ന്നുവരുന്നു. പതിവ് സമീപനങ്ങള്‍ അപര്യാപ്തമാകുമ്പോള്‍, വ്യക്തികളെ അവരുടെ എല്‍ഡിഎല്‍സി ലക്ഷ്യങ്ങളില്‍ എത്താന്‍ സഹായിക്കുന്നതില്‍ പിസിഎസ്‌കെ9 ഇന്‍ഹിബിറ്ററുകള്‍, എസ്ഐആര്‍എന്‍എ അധിഷ്ഠിത ചികിത്സകള്‍, ഇന്‍ക്ലിസിരാന്‍ തുടങ്ങിയ ലക്ഷ്യബോധമുള്ള ചികിത്സകള്‍ എന്നിവ ഗണ്യമായ വാഗ്ദാനം നല്‍കുന്നു. ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ വേണ്ട ജീവിതശൈലി മാറ്റങ്ങളുടെയും മരുന്നുകളുടെയും മികച്ച സംയോജനം നിര്‍ണ്ണയിക്കാന്‍ ഒരു ആരോഗ്യ സംരക്ഷണ ദാതാവിനെ സമീപിക്കുന്നത് സഹായിക്കും..