തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനനോടനുബന്ധിച്ച് പ്രകടന പത്രിക പുറത്തിറക്കി എൽഡിഎഫ്. കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകടനപത്രിക പ്രകാശനം ചെയ്തത്. രണ്ട് പുസ്തകങ്ങളിലായാണ് എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കിയത്. ക്ഷേമപെൻഷൻ വർധനയുൾപ്പെടെ വമ്പൻ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്. എല്ലാ ക്ഷേമ പെൻഷനുകളും 3000 രൂപയായി വർദ്ധിപ്പിക്കുമെന്നും കേവല ദാരിദ്ര്യം ഇല്ലാതാക്കുമെന്നും എൽഡിഎഫ് പ്രകടനപത്രികയിൽ പറയുന്നു.
ദാരിദ്ര്യനിർമ്മാർജ്ജനവും സാമൂഹ്യക്ഷേമവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ പ്രകടനപത്രികയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കേവല ദാരിദ്ര്യം ഇല്ലാതാക്കും, ഏറ്റവും ദരിദ്രരായ അഞ്ച് ലക്ഷം കുടുംബങ്ങളെ കണ്ടെത്തി ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റും, എല്ലാ ക്ഷേമ പെൻഷനുകളും 3000 രൂപയായി വർദ്ധിപ്പിക്കും, കിടപ്പുരോഗികൾക്ക് സമ്പൂർണ്ണ പരിരക്ഷ ഉറപ്പാക്കുകയും മുതിർന്ന പൗരന്മാർക്കായി ആഗോള മാതൃകയിലുള്ള പരിരക്ഷാ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യും എന്നിവയെല്ലാം അത്തരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വാഗ്ദാനങ്ങളാണ്.
തൊഴിലും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടും നിരവധികാര്യങ്ങൾ പ്രകടന പത്രികയിലുണ്ട്. പഠനം പൂർത്തിയാക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ക്യാമ്പസ് പ്ലേസ്‌മെന്റ് ഉറപ്പാക്കും, യുവജനങ്ങളുടെ പുതിയ സംരംഭങ്ങൾക്ക് പലിശരഹിത വായ്പ നൽകും, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (GCC) 40-ൽ നിന്ന് 120 ആയി വർദ്ധിപ്പിച്ച് രണ്ട് ലക്ഷം പ്രൊഫഷണലുകൾക്ക് തൊഴിൽ നൽകും, തൊഴിൽ പ്രായത്തിലുള്ള സ്ത്രീകളിൽ 50 ശതമാനം പേർക്ക് ജോലി ഉറപ്പാക്കും, കുടുംബശ്രീ വഴി 20 ലക്ഷം വീട്ടമ്മമാർക്ക് പ്രാദേശിക തൊഴിലുകൾ ലഭ്യമാക്കും എന്നിവയെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു.
കൃഷിയും അനുബന്ധ മേഖലകളിലുമായി ധാരാളം പദ്ധതികൾ നടപ്പിലാക്കുമെന്നും പറയുന്നു. നെല്ലിന്റെ തറവില 35 രൂപയായും, നാളികേരത്തിന് 45 രൂപയായും, റബ്ബറിന് 300 രൂപയായും വർദ്ധിപ്പിക്കും, പാലുല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുകയും ‘കേരള ചിക്കൻ’ പദ്ധതി 5000 യൂണിറ്റുകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും, മത്സ്യത്തൊഴിലാളികൾക്ക് കടലിന്മേൽ ഉടമസ്ഥാവകാശവും ആദ്യ വിൽപനാവകാശവും നൽകുന്നതിനുള്ള സമുദ്ര പരിഷ്കാരം നടപ്പിലാക്കും.
കൂടാതെ, അടുത്ത അഞ്ച് വർഷം കൊണ്ട് രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം പശ്ചാത്തല മേഖലയിൽ ഉണ്ടാകും, ലൈഫ് മിഷൻ 2.0 വഴി അവശേഷിക്കുന്ന കുടുംബങ്ങൾക്കും വീട് നൽകി കേരളത്തെ രാജ്യത്തെ ആദ്യ സമ്പൂർണ്ണ പാർപ്പിട സംസ്ഥാനമാക്കും, തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയിൽ നടപ്പിലാക്കും, കൊച്ചി വാട്ടർ മെട്രോ ആലപ്പുഴ, കൊല്ലം, കൊടുങ്ങല്ലൂർ മേഖലകളിലേക്ക് വ്യാപിപ്പിക്കും,റെയിൽവേ ലെവൽ ക്രോസുകൾ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും പത്രികയിൽ പറയുന്നു.
ആരോഗ്യരംഗത്തും നിരവധി വാഗ്ദാനങ്ങളുണ്ട്. കാരുണ്യ പദ്ധതിയുടെ ചികിത്സാ പരിധി അഞ്ച് ലക്ഷം എന്നതിൽ നിന്ന് മാറ്റി പരിധിയില്ലാതെ സാർവ്വത്രിക ആരോഗ്യ പരിരക്ഷ ലഭ്യമാക്കും, തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നാല് ഉന്നതവിദ്യാഭ്യാസ നഗരങ്ങൾ സ്ഥാപിക്കും, അങ്കണവാടികൾ സ്മാർട്ടാക്കുകയും സ്‌കൂൾ വിദ്യാഭ്യാസത്തിൽ മിനിമം ശേഷി ഉറപ്പുവരുത്തുകയും ചെയ്യും എന്നിവയാണവ.
എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനായി “ജീവജലം – കേരളം”എന്ന ജനകീയ കാമ്പയിൻ, സമ്പൂർണ്ണ മാലിന്യസംസ്കരണം: കക്കൂസ് മാലിന്യ സംസ്കരണത്തിനായി എഫ്.എസ്.ടി.പി (FSTP) കൾ സ്ഥാപിക്കും, ശബരിമല മാസ്റ്റർ പ്ലാൻ പൂർത്തിയാക്കുകയും “ക്ലീൻ പമ്പ” പദ്ധതി നടപ്പിലാക്കുകയും ചെയ്യും, സർക്കാർ ജീവനക്കാർക്കായി അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പിലാക്കും എന്നീ പദ്ധതികളും എൽഡിഎഫ് പ്രകടന പത്രികയിലുണ്ട്.
















































