പുതുനഗരം: കാറിൽ കടത്തുന്നതിനിടെ അരക്കിലോ കഞ്ചാവുമായി യുവ അഭിഭാഷകൻ പോലീസ് പിടിയിലായി. വടവന്നൂർ ഊട്ടറ ശ്രീജിത്താണ് (32) പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12:30-ഓടെ കൊടുവായൂർ ഭാഗത്തു നിന്നും വരവെ പുതുനഗരം കവലയിൽ വെച്ചാണ് സംഭവം.
കാറിൽ വരികയായിരുന്ന ശ്രീജിത്തിനെ കണ്ട് സംശയം തോന്നിയ എസ്‌ഐ കെ. ശിവചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാൾ ഓടിച്ച കാർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും തിർത്താതെ കടന്നുകളയുകയായിരുന്നു. തുടർന്ന് പോലീസ് ജീപ്പിൽ പിന്തുടർന്ന് ഇയാളെ പിടിക്കുകയായിരുന്നു. കാർ പരിശോധിച്ചതിൽ നിന്ന് ഇയാളിൽ നിന്ന് അരക്കിലോ കഞ്ചാവ് പിടികൂടി. മുൻപും പോലീസ് പരിശോധനയ്ക്കിടെ കാർ വെട്ടിച്ചു കടന്നിട്ടുള്ളയാളാണ് ശ്രീജിത്ത്. പാലക്കാട് കോടതിയിലാണ് ഇയാൾ പ്രാക്ടീസ് ചെയ്യുന്നത്.