ഗാസ സിറ്റി: ഗാസ സിറ്റി നിവാസികൾക്ക് ഇതു അവസാന അവസരമാണെന്നും അന്തേവാസികൾ ഉടൻ പ്രദേശം വിടണമെന്ന മുന്നറിയിപ്പുമായി ഇസ്രയേലി പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ്. ഗാസ സിറ്റി ഇസ്രയേൽ സൈന്യം വളഞ്ഞതായും അന്തേവാസികൾ ഉടൻ പ്രദേശം വിടണമെന്നുമാണ് ഇസ്രയേലി പ്രതിരോധ മന്ത്രിയുടെ അന്തിമ മുന്നറിയിപ്പ്.
പലായനം ചെയ്യാനും ഹമാസിനെ ഗാസ നഗരത്തിൽ ഒറ്റപ്പെടുത്താനും ആഗ്രഹിക്കുന്ന ഗാസ നിവാസികൾക്ക് ഇത് അവസാന അവസരമാണെന്നും കാറ്റ്സിന്റെ മുന്നറിയിപ്പിൽ പറയുന്നു. ഗാസ സമാധാന പദ്ധതി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെക്കുകയും ഇത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇസ്രയേൽ പ്രദേശം വിട്ടുപോകാൻ അവസരമൊരുക്കുന്നക്. ട്രംപുമായി സമാധാന കരാർ ഉണ്ടാക്കിയെങ്കിലും ഹമാസ് ഈ പദ്ധതി നിരസിച്ചാൽ ഇസ്രയേൽ ജോലി പൂർത്തിയാക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. കരാർ ഉണ്ടാക്കിയയന്നു മുതൽ മൂന്നോ നാലോ ദിവസത്തിനകം തീരുമാനമുണ്ടാക്കണമെന്നാണ് ട്രംപ് ഹമാസിന് അന്ത്യശാസനം നൽകിയത്.
കരാർ പ്രകാരം എത്രയും പെട്ടെന്ന് യുദ്ധം അവസാനിപ്പിക്കാനും തുടർന്ന് 72 മണിക്കൂറിനകം എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിക്കാനും വ്യവസ്ഥ ചെയ്യുന്നതാണ് പദ്ധതി. പലസ്തീൻ അതോറിറ്റിയും ഇസ്രയേലും സൗദി, ജോർദാൻ, യുഎഇ, ഖത്തർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും വ്യവസ്ഥ അംഗീകരിച്ചിട്ടുണ്ട്. ഗാസയുടെ പുനർനിർമാണത്തിന് ട്രംപിന്റെ അധ്യക്ഷതയിൽ ഇടക്കാല രാജ്യാന്തര സമിതി രൂപീകരിക്കുന്നതടക്കം സൈനിക നടപടികൾ അവസാനിപ്പിക്കുക, ഗാസയിലേക്ക് ഉടനടി സഹായം എത്തിക്കുകയെന്നതും നിർദേശത്തിൽ ഉൾപ്പെടുന്നു.