കൊച്ചി: അയൽവാസിയുടെ ഭീഷണിയെ തുടർന്ന് പറവൂർ കോട്ടുവള്ളിയിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ഭീഷണിപ്പെടുത്തിയ റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനും പ്രദീപ് കുമാറിനും ഭാര്യ ബിന്ദുവിനുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുമെന്ന് പോലീസ്. മരിച്ച ആശയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും പോലീസ്. അതേസമയം ബിന്ദുവിനെയും പ്രദീപ്കുമാറിനെയും ഇന്നലെ മുതൽ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇരുവരെയും അന്വേഷിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
ഇതിനിടെ, ഇരുവരുടേയും പണമിടപാടിൽ ദുരൂഹതയുണ്ടെന്ന് പോലീസ് പറയുന്നു. ആശയും ബിന്ദുവും തമ്മിൽ നടത്തിയ പണമിടപാടിൽ ദുരൂഹതയുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇത്ര വലിയ തുകയുടെ കൈമാറ്റം എങ്ങനെ നടന്നുവെന്നാണ് പ്രധാനമായും അന്വേഷിക്കുകയാണ്. അക്കൗണ്ട് വഴി നടന്നത് കുറച്ചു പണ ഇടപാട് മാത്രമാണ്. എന്നാൽ പണം കൊടുത്തതിനും വാങ്ങിയതിനും തെളിവുകൾ കൃത്യമായി ഇല്ല. പണ ഇടപാടിൽ മറ്റാരെങ്കിലും ഇടപെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കും.
അതേസമയം കൈക്കൂലി കേസ് നിലനിൽക്കുന്നതിനാൽ പോലീസ് ഡ്രൈവറായിരുന്ന പ്രദീപ്കുമാറിന് വിരമിക്കൽ ആനുകൂല്യങ്ങൾ ഒന്നും കിട്ടിയിരുന്നില്ല. എന്നിട്ടും ഇത്രയും പണം എവിടെ നിന്ന് വന്നുവെന്ന് അന്വേഷിക്കുകയാണെന്നും പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം പറവൂരിൽ പലിശക്കാരുടെ ഭീഷണിയെത്തുടർന്നാണ് വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കിയത്. പിന്നാലെ ആശയും റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കുമെതിരെ ആരോപണങ്ങളുമായി ആശയുടെ ബന്ധുക്കൾ രംഗത്തെത്തുകയായിരുന്നു.