ലേ: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നാവശ്യപ്പെട്ട് രണ്ടാഴ്ചയിലേറെയായി നടന്നുവരുന്ന സമരം അക്രമാസക്തമായി. സംസ്ഥാന പദവി നൽകുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന പ്രതിഷേധത്തിനിടെ സമരക്കാരും പോലീസും തമ്മിൽ ലേ മേഖലയിൽ ഏറ്റുമുട്ടി.
ഇവിടെ നടന്ന പ്രകടനത്തിനിടെ പ്രക്ഷോഭകാരികൽ ബിജെപി ഓഫീസിന് നേരെ കല്ലെറിയുകയും പോലീസ് വാൻ അഗ്നിക്കിരയാക്കുകയും ചെയ്തു. കൂടാതെ ബിജെപി ഓഫീസിന് പ്രതിഷേധക്കാർ തീയിടുകയും ചെയ്തു. അതേസമയം കഴിഞ്ഞ ഏതാനും ആഴ്ചകളായി ലഡാക്കിൽ പ്രതിഷേധം ശക്തമാണ്. പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്ചുക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ലേ അപെക്‌സ് ബോഡിയുടെ (എൽഎബി) യുവജന വിഭാഗം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. സോനം വാങ്ചുക്ക് കഴിഞ്ഞ 14 ദിവസമായി നിരാഹാര സമരത്തിലാണ്. ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂൾ പദവിയും നൽകണമെന്ന് ആവശ്യപ്പെട്ടാണ് നിരാഹാര സമരം.
അതേസമയം കാർഗിൽ ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവ് സജാദ് കാർഗിലി, ലേയിലെ സംഭവവികാസങ്ങളെ നിർഭാഗ്യകരം എന്ന് വിശേഷിപ്പിച്ചു. സർക്കാരിൻ്റെ പരാജയപ്പെട്ട കേന്ദ്രഭരണ പ്രദേശ പരീക്ഷണമാണ് ഒരുകാലത്ത് സമാധാനപരമായിരുന്ന ലഡാക്കിലെ അരക്ഷിതാവസ്ഥയ്ക്കും നിരാശയ്ക്കും കാരണമെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. ചർച്ചകൾ പുനരാരംഭിച്ച് വിവേകത്തോടെ പ്രവർത്തിക്കണമെന്നും ലഡാക്കിന്റെ സംസ്ഥാന പദവി, ആറാം ഷെഡ്യൂൾ എന്നീ ആവശ്യങ്ങൾ കാലതാമസം കൂടാതെ നിറവേറ്റണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. കൂടാതെ സമാധാനം പാലിക്കാനും സ്ഥിരതയോടെ നിലകൊള്ളാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു
ലഡാക്കിലെ രാഷ്ട്രീയ ശക്തികളായ ലേ അപെക്‌സ് ബോഡി (എൽ.എ.ബി.), കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെ.ഡി.എ.) എന്നിവയുടെ നേതൃത്വത്തിൽ ദീർഘനാളായി തുടരുന്ന പ്രതിഷേധങ്ങളെത്തുടർന്ന്, 2023 ജനുവരി 2-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു ഉന്നതാധികാര സമിതിയെ രൂപീകരിച്ചിരുന്നു. ലഡാക്കിന് പൂർണ്ണ സംസ്ഥാന പദവി നൽകുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി തദ്ദേശീയരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നിവയാണ് സമിതിയുടെ ആവശ്യങ്ങൾ.
തുടർന്ന് സമിതിയും എൽ.എ.ബി., കെ.ഡി.എ. എന്നിവയുടെ സംയുക്ത നേതൃത്വവും തമ്മിലുള്ള അവസാനഘട്ട ചർച്ച മെയ് 27-ന് നടന്നിരുന്നു. പിന്നീട് പുരോഗതിയൊന്നുമുണ്ടായില്ല. എന്നാൽ, സെപ്റ്റംബർ 20-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലഡാക്ക് നേതൃത്വവുമായി ചർച്ചകൾ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും അടുത്ത ഘട്ട ചർച്ച ഒക്ടോബർ 6-ന് ഷെഡ്യൂൾ ചെയ്യുകയും ചെയ്തിട്ടുണ്ട്.