ശ്രീനഗർ:കഴിഞ്ഞമാസം ലഡാക്കിൽ നടന്ന പൊലീസ് വെടിവയ്പ്പിൽ 4 പ്രതിഷേധക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസർക്കാർ. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ഒരു സൈനികൻ ഉൾപ്പെടെ 4 പേരാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. മുൻ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലാകും അന്വേഷണം നടക്കുക.
പ്രദേശത്തിന് സംസ്ഥാന പദവിയും പ്രത്യേക ഭരണഘടനാ സംരക്ഷണവും ആവശ്യപ്പെടുന്ന ലഡാക്കി ഗ്രൂപ്പുകളുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഉന്നത കോടതി ജഡ്ജിയുടെ ജുഡീഷ്യൽ അന്വേഷണം.
സെപ്തംബർ 24 ന് ലേയിൽ നടന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി.എസ്. ചൗഹാനെ നിയമിച്ചതായി ആഭ്യന്തര മന്ത്രാലയം (എം.എച്ച്.എ) പുറത്തിറക്കിയ പ്രസ്താവനയിൽ സർക്കാർ അറിയിച്ചു.
സർക്കാർ എപ്പോഴും സംഭാഷണത്തിന് തുറന്ന മനസ്സോടെയാണ് നിലകൊള്ളുന്നതെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. “ലഡാക്കിലെ ഉന്നതാധികാര സമിതി വഴിയോ അല്ലെങ്കിൽ അതുപോലുള്ള മറ്റേതെങ്കിലും പ്ലാറ്റ്‌ഫോമിലൂടെയോ അപെക്സ് ബോഡി ലേ (എബിഎൽ), കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെഡിഎ) എന്നിവയുമായുള്ള ചർച്ചയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നത് തുടരും. തുടർച്ചയായ സംഭാഷണങ്ങൾ സമീപഭാവിയിൽ ആവശ്യമുള്ള ഫലങ്ങൾ നൽകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ലഡാക്കിലെ ജനങ്ങളുടെ അഭിലാഷത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും” പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.